Asianet News MalayalamAsianet News Malayalam

സെവാഗിനെ 10 ലക്ഷം രൂപയക്ക് വെല്ലുവിളിച്ച് പിയേഴ്സ് മോര്‍ഗന്‍; വീരുവിന്റെ രസികന്‍ മറുപടി

Piers Morgan Takes Twitter War With Virender Sehwag to Next Level
Author
Delhi, First Published Aug 31, 2016, 5:43 PM IST

ദില്ലി: ചിലര്‍ എത്ര കൊണ്ടാലും പഠിക്കില്ലെന്ന് പറയുന്നത് എത്ര ശരിയാണ്. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇന്ത്യക്കാരുടെ ഒളിംപിക്സ് മെഡല്‍ ആഘോഷങ്ങളെ ട്വിറ്ററിലൂടെ കളിയാക്കിയതിന് വീരേന്ദര്‍ സെവാഗിന്റെ വക വയറു നിറച്ചുകിട്ടിയിട്ടും മോര്‍ഗന് മതിയായിട്ടില്ലെന്ന് തോന്നുന്നു. കക്ഷി പുതിയ വെല്ലുവിളിയുമായി ട്വിറ്ററില്‍ ഇറങ്ങിയിട്ടുണ്ട്.

ഇന്ത്യ ഒരു ഒളിംപിക്സ് സ്വര്‍ണം നേടുന്നതിന് മുമ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടുമെന്നാണ് മോര്‍ഗന്റെ വെല്ലുവിളി. വെറുതെയങ്ങ് പറഞ്ഞതല്ല. ഇത്തവണ കാര്യമായി തന്നെയാണ് കക്ഷി. കാരണം ഒന്നും രണ്ടും രൂപയ്ക്കൊന്നുമല്ല പത്തു ലക്ഷം രൂപയ്ക്കാണ് വീരുവിനെ മോര്‍ഗന്‍ വെല്ലുവിളിച്ചിരിക്കുന്നത്.

 

ഇതിന് സെവാഗ് നല്‍കിയ മറുപടിയാകട്ടെ അതിനേക്കാള്‍ രസകരവും.ചിലരുടെ സമയം വളരെ മോശമാണ്, അപേക്ഷിച്ചുകൊണ്ടേയിരിക്കും പക്ഷെ മറുപടി കിട്ടില്ല...ഹഹഹ എന്നായിരുന്നു വീരുവിന്റെ മറുപടി.

എന്താ വെല്ലുവിളിയേറ്റെടുക്കുന്നില്ലെ പ്രതിഭാസമേ എന്നും ഇതിന് മറുപടിയായി മോര്‍ഗന്‍ ചോദിച്ചിട്ടുണ്ട്.

2019ല്‍ ഇംഗ്ലണ്ടിലാണ് അടുത്ത ഏകദിന ലോകകപ്പ്. ഒളിംപിക്സ് 2020ല്‍ ടോക്കിയോയിലും.

 

റിയോ ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടിയതിന്റെ പേരില്‍ ഇന്ത്യക്കാര്‍ നടത്തുന്ന ആഘോഷഷങ്ങളെ മോര്‍ഗന്‍ നേരത്തെ ട്വിറ്ററിലൂടെ കളിയാക്കിയിരുന്നു. 120 കോടി ജനങ്ങളുള്ള ഇന്ത്യക്കാര്‍ തോറ്റതിന് ലഭിച്ച രണ്ട് മെഡലുകളുടെ പേരില്‍ എന്തിനിത്ര ആഘോഷിക്കുന്നു എന്ന് ചോദിച്ച മോര്‍ഗന്‍ സച്ചിനെപ്പോലൊരു താരത്തെ സൃഷ്ടിക്കാനാവുമെങ്കില്‍ ഒളിംപിക്സ് മെഡലും ഇന്ത്യക്ക് നേടാനാവുമെന്നും പരിഹസിച്ചിരുന്നു.

ചെറിയ സന്തോഷങ്ങള്‍ പോലും ആഘോഷിക്കുന്നവരാണ് ഇന്ത്യക്കാരെന്നും ക്രിക്കറ്റ് കണ്ടുപിടിച്ച നാട്ടുകാരായതുകൊണ്ടാവാം ഇംഗ്ലണ്ടിന് ഇതുവരെ ലോകകപ്പ് നേടാന്‍ കഴിയാത്തതെന്നും എന്നിട്ടും കളിക്കുന്നത് നാണക്കേടല്ലെ എന്നായിരുന്നു ഇതിന് സെവാഗിന്റെ മറുപടി.

Follow Us:
Download App:
  • android
  • ios