സംഭവത്തില്‍ വിശദീകരണവുമായി കിംഗ്സ് ഇലവന്‍ ഉടമ രംഗത്ത്

മുംബൈ: കിംഗ്സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്‍റ ടീം ഉപദേശകന്‍ വിരേന്ദര്‍ സെവാഗിനോട് പൊട്ടിത്തെറിച്ചതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതോടെ ടീം ഉപദേശക സ്ഥാനത്ത് നിന്നും ഒഴിയുവാന്‍ സെവാഗ് ആഗ്രഹം പ്രകടിപ്പിച്ചെന്നും മുംബൈ മിററാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയ പ്രീതി സിന്‍റ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ചു.

രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ട ശേഷം സെവാഗിനോട് പ്രീതി സിന്‍റ പൊട്ടിത്തെറിച്ചെന്നായിരുന്നു മുംബൈ മിററിന്‍റെ റിപ്പോര്‍ട്ട്.
മത്സരശേഷം താരങ്ങള്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതിന് മുന്‍പായിരുന്നു സെവാഗിന് അടുത്ത് എത്തി പ്രീതി സിന്‍റ സംസാരിച്ചത്. തോല്‍വിയുടെ ഉത്തരവാദിത്വം സേവാഗിന്‍റെതാണ് എന്ന തരത്തിലായിരുന്നു പ്രീതിയുടെ പ്രതികരണമെന്നും മുംബൈ മിററിന്‍റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

പ്രീതിയെ നിലയ്ക്ക് നിര്‍ത്തണമെന്ന് സഹ ഉടമകളോട് വീരു ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ താനും വീരുവും തമ്മിലുള്ള സംഭാഷണങ്ങള്‍ പത്രം വളച്ചൊടിച്ചതാണെന്നും താന്‍ വില്ലനായെന്നുമാണ് പ്രീതി സിന്‍റയുടെ നിലപാട്. തങ്ങളെ കുറിച്ച് ലേഖനങ്ങള്‍ എഴുതാന്‍ പണം നല്‍കാറില്ലെന്നും, പണം നല്‍കിയാല്‍ മാത്രമേ അവര്‍ വാര്‍ത്ത സത്യമായി എഴുതൂവെന്നും മുംബൈ മിററിനെ ലക്ഷ്യം വെച്ച് പ്രീതി പറയുന്നു.

Scroll to load tweet…