തിരുവനന്തപുരം: ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മലയാളി താരം പി.യു.ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ മലയാളികളുടെ അഭിമാനമായ മുന്‍ രാജ്യാന്തര താരമാണെന്ന ആരോപണം ശക്തമാകുന്നു. ലോക അത്‌ലറ്റിക്സ് മീറ്റിനായുള്ള ടീം അംഗങ്ങളെ തെരഞ്ഞെടുക്കാനായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സെലക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മുന്‍ രാജ്യാന്തര താരവും ഇപ്പോള്‍ പരിശീലകയുമായ വ്യക്തി അടക്കം മൂന്ന് മലയാളികള്‍ പങ്കെടുത്തിരുന്നു. അതിനുശേഷമാണ് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ചിത്രയെ ഒഴിവാക്കിക്കൊണ്ടുള്ള വിചിത്രമായ പട്ടിക പുറത്തിറങ്ങിയത്.

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരങ്ങള്‍ക്ക് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് സ്വാഭാവിക യോഗ്യത നേടുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ ചിത്ര സ്വാഭാവികമായും തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയെന്ന രീതിയിലാണ് സ്വാഭാവികമായും ചിത്രയും അന്ന് പ്രതികരിച്ചത്. എന്നാല്‍ അന്ന് ചിത്ര പറഞ്ഞത് തിരുത്താനോ തെറ്റാണെന്ന് പറയാനോ അത് കേട്ടുകൊണ്ടിരുന്ന അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികളോ അധികാരികളോ തയാറായിരുന്നില്ല.

വിചിത്രമായ വാദങ്ങള്‍

നമ്മുടെ താരങ്ങള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പ് പോലുള്ള മീറ്റുകളില്‍ പങ്കെടുത്ത് കൂടുതല്‍ മത്സര പരിചയം ഉറപ്പാക്കണമെന്നാണ് ഈ രാജ്യാന്തര താരം മുമ്പ് പലപ്പോഴും പറഞ്ഞിരുന്നത്. അതേ വ്യക്തി തന്നെ ചിത്രയെ ഒഴിവാക്കാനായി പ്രവര്‍ത്തിച്ചുവെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. എന്നാല്‍ തന്റെ രാജ്യാന്തര മീറ്റില്‍ തന്നെ സ്വര്‍ണം നേടിയചിത്രയെപ്പോലൊരു താരത്തിന് ഒറു രാജ്യാന്തര മീറ്റിനുള്ള അവസരം നല്‍കുന്നില്ല എന്ന് പറയുന്നത് തികച്ചും നീതി നിഷേധം തന്നെയാണ്.മെഡല്‍ സാധ്യതയില്ല എന്നതായിരുന്നു ചിത്രയെ ഒഴിവാക്കാന്‍ രാജ്യാന്തര താരം പറഞ്ഞ കാരണമെന്നാണ് അറിയുന്നത്.

വസ്തുനിഷ്ഠമായി വിലയിരുത്തിയാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ടീമില്‍ രാജ്യാന്തര തലത്തില്‍ മെഡല്‍ സാധ്യതയുള്ള ഒരേയൊരു താരം നീരജ് ചോപ്ര മാത്രമാണ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രമെടുത്താല്‍ മെഡല്‍ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ താരം അഞ്ജു ബോബി ജോര്‍ജ് മാത്രമാണെന്നും കാണാം. അതിനര്‍ഥം മെഡല്‍ സാധ്യത മാത്രമല്ല ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ടീമിന്റെ മാനദണ്ഡമെന്നുറപ്പാണ്. ഈ കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോഴാണ് ചിത്രയ്ക്കുവേണ്ടി വാദിക്കാന്‍ സെലക്ഷന്‍ കമ്മിറ്റിയിലെ മലയാളികളാരും തയാറായില്ലെന്നതും ഗോഡ്ഫാദര്‍മാരില്ലാത്തതിനാലാണ് ചിത്ര തഴയപ്പെടാന്‍ കാരണമെന്നും പകല്‍പോലെ വ്യക്തമാക്കുന്നത്.

മുന്‍ രാജ്യാന്തര താരം വര്‍ഷങ്ങളായി പരിശീലിപ്പിക്കുന്ന താരം ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിരാശപ്പെടുത്തിയിരുന്നു. സ്വാഭാവികമായും ഈ താരം ഒഴിവാക്കപ്പെട്ടു. ഇതുംചിത്രയെ ഒഴിവാക്കാനുള്ള ഒരു കാരണമാകുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഇതിനു പിന്നില്‍ ഗൂഢാലോചനയെന്ന് ചിത്രയുടെ പരിശീലകന്‍

ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍.എസ്.സിജിന്‍ പറയുന്നു. ജനുവരിയില്‍ ഇന്ത്യന്‍ ക്യാംപില്‍ ചിത്ര പങ്കെടുത്തിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ പരീക്ഷക്കായി 10 ദിവസത്തെ അവധി ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ക്യാംപില്‍ നിന്ന് തിരിച്ചുപോന്ന ചിത്രം അവസാന പരീക്ഷയെഴുതി.

ഇതിനുശേഷം പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ മെഡല്‍ നേടിയ ചിത്രയെ ഏഷ്യന്‍ മീറ്റിനുള്ള ക്യാംപില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവിടെ നിന്ന് പരീശിലനത്തിന് സഹായമൊന്നും വര്‍ക്കൗട്ടിനുവേണ്ട കാര്യങ്ങളെല്ലാം താന്‍ ഇവിടെ നിന്ന് പറഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് സിജിന്‍ പറഞ്ഞു. എന്നിട്ടും ഏഷ്യന്‍ മീറ്റില്‍ ചിത്ര മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമാവുകയും ചെയ്തു.