ദില്ലി: പി യു ചിത്ര വിഷയത്തിൽ ദേശീയ അത്‍ലറ്റിക് ഫെഡറേഷൻ രണ്ട് തട്ടിൽ. ചിത്രയുടെ പേര് വീണ്ടും പരിഗണിക്കാനാവില്ലെന്ന് പ്രസിഡന്‍റ് പറയുമ്പോള്‍ ലോക അത്‍ലറ്റിക് ഫെഡറേഷന് കത്തയക്കുമെന്ന് സെക്രട്ടറി സി കെ വൽസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര കായിക മന്ത്രി അത്‍ലറ്റിക് ഫെഡറേഷനോട് ആവശ്യപ്പെട്ടു
പി യു ചിത്രയെ ലണ്ടൻ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും പ്രതികൂല നിലപാടാണ് ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ പ്രസിഡന്‍റ് ആദിൽ ജെ സുമരിവാല സ്വീകരിച്ചത്. പേരുനൽകാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചതിനാൽ ഇനിയൊന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇതേസമയം, ഹൈക്കോടതിയുടെ വിധി മാനിക്കുന്നുവെന്നും ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലോക അത്‍ലറ്റിക് ഫെഡറേഷന് കത്തയക്കുമെന്നും സെക്രട്ടറി സി കെ വൽസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടതിയെ സമീപിച്ചതിന് ചിത്രയോട് പ്രതികാരത്തോടെ പെരുമാറില്ലെന്നും വൽസൻ വ്യക്തമാക്കി.
ചിത്രയെ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ ഗുഢാലോചനയുണ്ടെന്ന് കായികമന്ത്രി എ സി മൊയ്തീൻ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര കായികമന്ത്രാലയം ഇടപെടണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു.
ഫെഡറേഷൻ പ്രസിഡന്‍റിന്‍റെ നിലപാടിൽ സങ്കടമുണ്ടെന്നും ഇതിൽ താൻ തളരില്ല എന്നുമായിരുന്നു ചിത്രയുടെ പ്രതികരണം. ഹൈക്കോടതി വിധി മാനിച്ച് ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷനോട് ആവശ്യപ്പെട്ടു.
