കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നിന് 344 എന്ന ശക്തമായ നിലയില്‍. സെ‌ഞ്ച്വറികളുമായി പുറത്താകാതെ നില്‍ക്കുന്ന ചേതേശ്വര്‍ പൂജാര(128), ആജിന്‍ക്യ രഹാനെ(103) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരെ ആദ്യദിനം തന്നെ മേല്‍ക്കൈ നേടാന്‍ ഇന്ത്യയെ സഹായിച്ചത്. 35 റണ്‍സെടുത്ത ശിഖര്‍ ധവാന്‍, 57 റണ്‍സെടുത്ത കെ എല്‍ രാഹുല്‍, 13 റണ്‍സെടുത്ത നായകന്‍ വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്‌ടമായത്. നാലാം വിക്കറ്റില്‍ പൂജാരയും രഹാനെയും ചേര്‍ന്ന് ഇതുവരെ 211 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 225 പന്ത് നേരിട്ട പൂജാര 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പടെയാണ് 128 റണ്‍സെടുത്തത്. 168 പന്തില്‍നിന്ന് 12 ബൗണ്ടറികള്‍ ഉള്‍പ്പടെയാണ് രഹാനെ 103 റണ്‍സ് നേടിയത്. ടെസ്റ്റില്‍ പൂജാരയുടെ പതിമൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. കൂടാതെ തുടര്‍ച്ചയായി മൂന്നാമത്തെ സെഞ്ച്വറിയുമാണ് പൂജാര നേടുന്നത്. രഹാനെയുടെ ഒമ്പതാമത്തെ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്. ശ്രീലങ്കയ്‌ക്ക് വേണ്ടി ഹെറാത്ത്, ദില്‍റുവാന്‍ പെരേര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ആദ്യ ടെസ്റ്റില്‍ 304 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.