ലോക ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഒളിപിംക്സ് വെള്ളി മെഡല്‍ ജേതാവ് പി വി സിന്ധു ക്വാര്‍ട്ടറിലെത്തി. അത്യന്തം ആവേശം നിറഞ്ഞ പ്രീ-ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഹോങ്കോങ് താരം ച്യൂങ് ൻഗാന്‍ യിയെ തോല്‍പ്പിച്ചു. സ്‌കോര്‍- 19-21, 23-21, 21-17.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ ഗെയിം സിന്ധുവിന് നഷ്‌ടമായത് നേരിയ വ്യത്യാസത്തിലായിരുന്നു. എന്നാല്‍ രണ്ടാം ഗെയിമില്‍ 2015-ലെ റണ്ണേഴ്‌സ് അപ്പ് കൂടിയായ പി വി സിന്ധു തന്റെ പരിചയസമ്പത്തിന്റെ മികവില്‍ തിരിച്ചുവന്നു. 23-21 എന്ന സ്‌കോറിനായിരുന്നു സിന്ധു ഗെയിം സ്വന്തമാക്കിയത്. ഇതോടെ ഏറെ നിര്‍ണായകമായി മാറിയ മൂന്നാം ഗെയിമില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിച്ച സിന്ധുവിന് അവസാനം വരെ ആധിപത്യം നിലനിര്‍ത്താനായി. തുടക്കത്തിലേ വ്യക്തമായ ലീഡെടുക്കാന്‍ സിന്ധുവിനായി. ഒടുവില്‍ 21-17ന് ഗെയിമും മല്‍സരവും ഇന്ത്യന്‍ താരം സ്വന്തമാക്കുകയായിരുന്നു.

ക്വാര്‍ട്ടറില്‍ അഞ്ചാം സീഡ് സുന്‍ യുവിനെയാണ് പി വി സിന്ധു നേരിടുക.