ദോഹ: 2022ല്‍ നടക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ ലോകകപ്പിനായി ഖത്തറൊരുക്കുന്നത് വിസ്മയങ്ങള്‍.പരമ്പരാഗത അറബ് തൊപ്പിയുടെ ആകൃതിയിലുള്ള അല്‍ തുമാമ സ്റ്റേഡിയമാണ് ഇതില്‍ ശ്രദ്ധേയം. ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലും ലീഗ് മല്‍സരങ്ങളും ഇവിടെ നടക്കും. അറബ് ജനതയെ ഒരുമിപ്പിക്കുന്ന ചിഹ്നമെന്ന നിലയില്‍ ലോകകപ്പിനുള്ള സമര്‍പ്പണമായാണ് സ്റ്റേഡിയം രൂപകല്പന ചെയ്തിരിക്കുന്നത്.
സ്റ്റേഡിയത്തിന് 40000 കാണികളെ ഉള്‍ക്കൊള്ളാനാകുമെന്ന് ലോകകപ്പ് സംഘാടക സമിതി അറിയിച്ചു. ലോകകപ്പിനായി നിര്‍മ്മിക്കുന്ന ശീതീകരിച്ച എട്ട് വേദികളിലൊന്നാണിത്. പൂര്‍ണ്ണ ശീതീകരണ സൗകര്യമാണ് ഇതിന്‍റെ മുഖ്യ സവിശേഷത. ചൂടേറിയ പകല്‍ സമയങ്ങളില്‍ പോലും 18 ഡിഗ്രി താപനില വേദിയില്‍ ക്രമീകരിക്കാനാവും.
എന്നാല്‍ ലോകകപ്പിന്‍റെ ഉല്‍ഘാടനവും ഫൈനലും നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്‍റെ ചിത്രങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇതിന് 86000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പിനായി പുതിയ തുറമുഖവും മെട്രോയും ഖത്തര്‍ നിര്‍മ്മിക്കുന്നുണ്ട്.
