ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ അശ്വിന്റെ വിക്കറ്റ് വേട്ടയെക്കുറിച്ച് ഹര്‍ഭജന്‍ സിംഗ് നടത്തിയ ട്വീറ്റിന് മറുപടിയുമായി അശ്വിന്‍ തന്നെ രംഗത്തെത്തി. കരിയറിന്റെ തുടക്കത്തില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ ലഭിച്ചിരുന്നെങ്കില്‍ തനിക്കും കുംബ്ലെയ്ക്കുമെല്ലാം കൂടുതല്‍ വിക്കറ്റ് നേടാനാവുമായിരുന്നുവെന്നായിരുന്നു എന്നായിരുന്നു അശ്വിന്റെ പ്രകടനത്തെക്കുറിച്ച് ഭാജിയുടെ ട്വീറ്റ്.
എന്നാല്‍ ഹര്‍ഭജന്‍ സിംഗ് താനടക്കമുള്ള സ്പിന്നര്‍മാക്ക് പ്രചോദനമാണെന്ന് അശ്വിന്‍ പറഞ്ഞു. 2001ലെ ഹര്‍ഭജന്റെ പ്രകടനം കണ്ടാണ് താന്‍ ഓഫ് സ്പിന്നെറിയാന്‍ തുടങ്ങിയതെന്നും ഈ തര്‍ക്കം അനാരോഗ്യകരമാണെന്നും അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. പരസ്പരം ചെളിവാരിയെറിഞ്ഞതുകൊണ്ട് നമ്മള്‍ ഒന്നും നേടില്ലെന്നും ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണമെന്നും അശ്വിന്‍ വ്യക്തമാക്കി.
അശ്വിന്റെ ട്വീറ്റിന് ഹര്‍ഭജനും മറുപടി നല്‍കി. താങ്കള്‍ക്കെതിരെ ആയിരുന്നില്ല തന്റെ പരാമര്‍ശമെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുക ആയിരുന്നുവെന്നും ഭാജി വ്യക്തമാക്കി.മികച്ച പ്രകടനം തുടരാന്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഭാജി പറഞ്ഞു.
എന്നാല്‍ അശ്വിന്റെ വിശദീകരണത്തെ വെറുവിടാന്‍ ആരാധകര്‍ തയാറായില്ല. അങ്ങനെയാണെങ്കില്‍ താങ്കളെന്തിനാണ് ഹര്‍ഭജന് താങ്കളോട് അസൂയയാണെന്ന എന്റെ ട്വീറ്റ് ലൈക്ക് ചെയ്തതെന്ന് ഒരു ആരാധകന്‍ ചോദിച്ചു. അത് തന്റെ തെറ്റാണെന്നും ബ്രൗസ് ചെയ്തുപോകുമ്പോള്‍ സംഭവിച്ചതാണെന്നുമായിരുന്നു അശ്വിന്റെ മറുപടി.
എന്തായാലും ഇതോടെ വിവാദത്തിന് അവസാനമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ ഹര്‍ഭജന്റെ പരാമര്‍ശത്തിന് ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി പരോക്ഷമായി മറുപടി നല്‍കിയിരുന്നു. എത്ര ടേണിംഗ് പിച്ചായാലും നന്നായി ബൗള്‍ ചെയ്താലെ വിക്കറ്റ് കിട്ടൂ എന്നായിരുന്നു ഹര്‍ഭജനുള്ള കൊഹ്‌ലിയുടെ മറുപടി. പിച്ചില്‍ മാത്രമല്ല പന്ത് സ്പിന്‍ ചെയ്യുന്നത്. പന്തില്‍ എത്രത്തോളം വൈവിധ്യം കൊണ്ടുവരാന്‍ കഴിയുമെന്നതിനെക്കൂടി ആശ്രയിച്ചിരിക്കുമതെന്നും കൊഹ്‌ലി വ്യക്തമാക്കിയിരുന്നു.
