കേപ് ടൗണ്‍: കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യയുടെ സ്‌പിന്‍ ആക്രമണത്തിന് നേതൃത്വം കൊടുത്തിരുന്നത് രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ്. എന്നാല്‍ യുവ സ്‌പിന്നര്‍മാരായ കുല്‍ദീപിന്‍റേയും ചഹലിന്‍റേയും വരവോടുകൂടി ഇരുവരും ടീമിന് പുറത്തായി. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ടെസ്റ്റ്-ഏകദിന-ട്വന്‍റി 20 ടീമുകളില്‍ ഇടം നേടാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. അതേസമയം പരമ്പരയില്‍ ലങ്കയെ കറക്കിവീഴ്ത്തി കുല്‍ദീപ്- ചഹല്‍ സഖ്യം കയ്യടിവാങ്ങുകയും ചെയ്തു.
എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏവരെയും ഞെട്ടിച്ച് അശ്വിനും ജഡേജയും ടെസ്റ്റ് ടീമിലിടം നേടി. മികവ് തെളിയിച്ച് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണ് അശ്വിനും ജഡേജയ്ക്കും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ലഭിച്ചിരിക്കുന്നത്. ഇരുവര്‍ക്കും പിന്തുണയുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഇപ്പോള്‍ രംഗത്തെത്തി. ജഡേജയ്ക്കും അശ്വിനും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തിളങ്ങാന്‍ കഴിയുമെന്ന് രഹാനെ അഭിപ്രായപ്പെട്ടു.
എന്നാല്‍ ബോളിംഗ് ശൈലിയില്‍ ഇരുവരും നേരിയ വ്യത്യാസം വരുത്തേണ്ടിവരും. രണ്ട് സ്പിന്നര്‍മാരും അന്തിമ ഇലവനിലെത്തുമോയെന്നു ഉറപ്പില്ലെന്നും രഹാനെ പറഞ്ഞു. കേപ് ടൗണില്‍ ജനുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രം കുറിക്കാനാണ് ഇന്ത്യയുടെ ശ്രമം.
