ബംഗളൂരു: പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയില്‍ ലക്ഷ്മണും ദ്രാവിഡും ചേര്‍ന്ന് എഴുതിയ ഇന്ത്യന്‍ ക്രിക്കറ്റിലെ വിരേതിഹാസം ബംഗളൂരുവിലും ആവര്‍ത്തിക്കുമോ. കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷം അന്ന് ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന് സ്വപ്നതുല്യമായൊരു ബാറ്റിംഗ് വിരുന്നിലൂടെ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം സമ്മാനിച്ചുവെങ്കില്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും അതാവര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് രഹാനെയ്ക്കും പൂജരായ്ക്കും മുമ്പില്‍. 87 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ 120/4 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നെങ്കിലും ഇരുവരും ചേര്‍ന്ന് 93 റണ്‍സിന്റെ പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ മൂന്നാം ദിനം ഇന്ത്യയെ 213ല്‍ എത്തിച്ചു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 79 റണ്‍സോടെ പൂജാരയും 40 റണ്‍സുമായി രഹാനെയും ക്രീസില്‍. ആറു വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്കിപ്പോള്‍ 126 റണ്‍സിന്റെ ലീഡുണ്ട്. നാലാം ദിനം 250 റണ്‍സിന് മുകളിലെങ്കിലും ലീഡ് നേടിയാല്‍ പന്ത് കുത്തിത്തിരിയുകയും കുത്തി ഉയരുകയും ചെയ്യുന്ന പിച്ചില്‍ ഇന്ത്യയ്ക്കും ജയപ്രതീക്ഷവെയ്ക്കാം.

മൂന്നാം ദിനം 237/6 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഓസീസിനെ എളുപ്പം വീഴ്‌ത്താമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ തകിടം മറിച്ച് സ്റ്റാര്‍ക്കും വെയ്ഡും മുന്നേറി. സ്കോര്‍ 269ല്‍ എത്തിയപ്പോള്‍ ഇന്ത്യ കാത്തിരുന്ന വിക്കറ്റ് വീണു. സ്റ്റാര്‍ക്കിനെ(26) ജഡേജയുടെ കൈകളിലെത്തിച്ച അശ്വിനാണ് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് കാര്യങ്ങള്‍ ജഡേജയുടെ തിരക്കഥയ്ക്ക് അനുസരിച്ചായിരുന്നു. മാത്യു വെയ്ഡിനെ(40) വിക്കറ്റിന് മുന്നില്‍ കുടുക്കി തുടങ്ങിയ ജഡേജ തൊട്ടടുത്ത പന്തില്‍ ലിയോണിനെയും(0) മടക്കി. ഒക്കീഫെയും(1) വീഴ്‌ത്തി ജഡേജ വിക്കറ്റഅ നേട്ടം ആറാക്കി ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ടു. ഓസീസ് ലീഡ് 100 കടന്നില്ലെന്ന ആശ്വാസവുമായി ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് പതിവില്‍ നിന്ന് വ്യത്യസ്തമായി ഓപ്പണര്‍മാരായ മുകുന്ദും രാഹുലും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്.

എന്നാല്‍ സ്കോര്‍ 39ല്‍ നില്‍ക്കെ മുകുന്ദ്(16) ഹേസല്‍വുഡിന്റെ പന്തില്‍ പുറത്തായി. പൂജാരയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ 84ല്‍ എത്തിച്ചപ്പോഴാണ് ഒക്കീഫേയുടെ പന്തില്‍ രാഹുലിനെ(51) സ്റ്റീവന്‍ സ്മിത്ത് സ്ലിപ്പില്‍ പറന്നുപിടിച്ചത്. അതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ക്രീസിലെത്തിയ ഉടനെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ കോലിക്ക് പക്ഷെ ഹേസല്‍വുഡിന് മുന്നില്‍ പിഴച്ചു. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ കോലി(15) ഡിആആര്‍എസിന് പോയിട്ടും രക്ഷയുണ്ടായില്ല.

കോലി വീണശേഷം പ്രമോഷന്‍ കിട്ടി ആറാം നമ്പറിലിറങ്ങിയ ജഡേജയ്കും പക്ഷെ അധികം ആയുസുണ്ടായില്ല. ഹേസല്‍വുഡ് ജഡേജയുടെ മിഡില്‍ സ്റ്റമ്പ് പിഴുതതോടെ 120/4ലേക്ക് കൂപ്പുകുത്തിയ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായി. 33 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ഇന്ത്യന്‍ ലീഡ്. എന്നാല്‍ പതറാതെ പൊരുതിയ രഹാനെ-പൂജാര സഖ്യം ഈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. അപ്രതീകഷിത ടേണും ബൗണ്‍സുമുള്ള പിച്ചില്‍ നാലാം ഇന്നിംഗ്സില്‍ 200 മുകളിലുള്ള ഏത് ലക്ഷ്യവും വെല്ലുവിളിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലാം ദിനം തുടക്കത്തിലെ വിക്കറ്റ് കളയാതെ പിടിച്ചുനിന്നാല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷവെയ്ക്കാം.