ദില്ലി: ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും സ്പിന്നർ ആർ. അശ്വിനും ആധുനിക ക്രിക്കറ്റിലെ മഹാന്മാരാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇന്ത്യൻ അണ്ടർ–19 ടീമിന്‍റെ കോച്ചുമായ രാഹുൽ ദ്രാവിഡ്. സച്ചിനും ഗാംഗുലിക്കും ലക്ഷ്മണിനും തനിക്കുമൊക്കെ ശേഷവും ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിഭാധനരായ കളിക്കാർക്ക് കുറവില്ലെന്ന് ദ്രാവിഡ് പറഞ്ഞു.

സ്‌ഥിരതയാർന്ന പ്രകടനത്തിലൂടെ വിരാട് കോഹ്ലി മാഹാനായ ബാറ്റ്സ്മാൻ എന്ന ഖ്യാതി ഇതിനോടകം നേടിയെടുത്തുവെന്ന്, ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്. 

അശ്വിന്‍റെ കാര്യത്തിലും സ്‌ഥിതികൾ വത്യസ്‌ഥമല്ലെന്നു പറഞ്ഞ ദ്രാവിഡ് ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് തന്നെ ലോക ക്രിക്കറ്റിലെ മികച്ച ബോളർമാരുടെ നിരയിലേക്ക് അശ്വിൻ ഉയർന്നു കഴിഞ്ഞുവെന്നും വ്യക്‌തമാക്കി. സാമൂഹിക മാധ്യമങ്ങളുടെ വളർച്ചയും താരങ്ങൾക്ക് ഏറെ പിന്തുണ നൽകുന്നുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചർത്തു.