ബെംഗളുരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്റെ പാതയില്‍ മകനും. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കായി നടത്തിയ ടൂര്‍ണമെന്റിലാണ് സെഞ്ചുറി മികവോടെ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് തിളങ്ങിയത്. എതിര്‍ ടീമിനെ 412 റണ്‍സിന് പരാജയപ്പെടുത്തിയതില്‍ നിര്‍ണായകമായിരുന്നു സമിതിന്റെ സെഞ്ചുറി.

എന്നാല്‍ 150 റണ്‍സ് നേടി പുറത്താകാതെ നിന്ന സമിത് അല്ല മല്‍സരത്തിലെ ടോപ് സ്കോറര്‍ എന്നതാണ് രസകരം. ഇന്ത്യയുടെ മുന്‍ താരമായ സുനില്‍ ജോഷിയുടെ മകനായ ആര്യന്‍ ജോഷിയാണ് മല്‍സരത്തിലെ ടോപ് സ്കോറര്‍. പിതാക്കന്മാരുടെ പാതയില്‍ മക്കള്‍ തിളങ്ങിയപ്പോള്‍ എതിര്‍ ടീമിന് നേടാനായത് 88 റണ്‍സ് മാത്രമായിരുന്നു. ഇത് ആദ്യമായല്ല ദ്രാവിഡിന്റെ പുത്രന്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നിച്ച് കളിച്ച താരങ്ങളുടെ പുത്രന്മാരും പിതാക്കന്മാരുടെ പാതയില്‍ മികച്ച പ്രകടനത്തോടെയാണ് മുന്നേറുന്നത്. പിതാവിനുളള പിറന്നാള്‍ സമ്മാനമാണ് തന്റെ സെഞ്ചുറിയെന്നാണ് സമിതിന്റെ പ്രതികരണം. വ്യാഴാഴ്ചയാണ് ദ്രാവിഡിന്റെ 44ാം പിറന്നാള്‍.