ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മല്‍സരത്തിന്റെ രണ്ടാം ദിവസത്തെ മല്‍സരം മഴ മൂലം പൂര്‍ണമായും തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാനായില്ല. ആദ്യ ദിനം ഓസ്‌ട്രേലിയയെ 85 റണ്‍സിന് എറിഞ്ഞിട്ട ദക്ഷിണാഫ്രിക്ക ആദ്യം ഇന്നിംഗ്സില്‍ അഞ്ചിന് 171 എന്ന നിലയിലാണ്. 47 റണ്‍സെടുത്ത ഹാഷിം ആംലയും പുറത്താകാതെ 38 റണ്‍സെടുത്ത ടെംബ ബവുമയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. ബവുമയ്ക്കൊപ്പം 28 റണ്‍സോടെ ക്വിന്റണ്‍ ഡി കോക്കാണ് ക്രീസിലുള്ളത്. ഓസ്‌ട്രേലിയയ്‌ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നു വിക്കറ്റ് വീഴ്‌ത്തി. ജോഷ് ഹാസ്‌ല്‍‌വു‍ഡ് രണ്ടു വിക്കറ്റ് സ്വന്തമാക്കി.

ഹൊബാര്‍ട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ മൂന്നാം ദിവസമായ നാളെയും കളി നടക്കുമോയെന്ന കാര്യം സംശയമാണെന്ന് ഗ്രൗണ്ട്സ്‌മാന്‍ ക്യൂറേറ്ററും പറഞ്ഞു.