അഞ്ചാം ദിവസം ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ മൂന്നിന് 260 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നായകന്‍ അലിസ്റ്റര്‍ കുക്കിന്റെ(130) സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ സവിശേഷത. കരിയറിലെ മുപ്പതാമത്തെ സെഞ്ച്വറിയാണ് കുക്ക് രാജ്കോട്ടില്‍ ഇന്ത്യയ്ക്കെതിരെ നേടിയത്. 

ഇതോടെ ടെസ്റ്റിലെ സെഞ്ച്വറികളുടെ കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്‌മാനെ കുക്ക് മറികടന്നു. ഇന്ത്യയില്‍ കുക്ക് നേടുന്ന അഞ്ചാമത്തെ സെഞ്ച്വറിയാണിത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന വിദേശ താരമെന്ന റെക്കോര്‍ഡും കുക്ക് സ്വന്തമാക്കി. 

230 പന്ത് നേരിട്ട കുക്ക് 13 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 130 റണ്‍സ് നേടിയത്. അശ്വിന്റെ പന്തില്‍ ജഡേജയ്‌ക്ക് ക്യാച്ച് നല്‍കിയാണ് കുക്ക് പുറത്തായത്. ഓപ്പണര്‍ ഹസീബ് ഹമീദ് 82 റണ്‍സെടുത്ത് പുറത്തായി. ബെന്‍ സ്റ്റോക്ക്സ് പുറത്താകാതെ 29 റണ്‍സെടുത്തപ്പോള്‍ ജോ റൂട്ട് നാലു റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിന് 49 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉണ്ടായിരുന്നു. ഇന്ത്യയ്‌ക്കു വേണ്ടി അമിത് മിശ്ര രണ്ടു വിക്കറ്റ് നേടിയപ്പോള്‍ ആര്‍ അശ്വിന് ഒരു വിക്കറ്റ് ലഭിച്ചു.