കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളത്തിന്റെ എവേ മത്സരത്തിന് ചൊവ്വാഴ്ച തുടക്കം. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ബംഗാള്‍ നിരയിലുണ്ട്. ഏതുതരം വിക്കറ്റിലും ജയിക്കാന്‍ കേരളത്തിനാകുമെന്ന് പരിശീലകന്‍ ഡേവ് വാട്മോര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സീസണിലെ ആദ്യ എവേ മത്സരത്തിനായി ഈഡന്‍ ഗാര്‍ഡൻസില്‍ ഇറങ്ങുമ്പോള്‍, എലൈറ്റ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് കേരളം. രണ്ട് കളിയിൽ ഏഴ് പോയിന്‍റുള്ള കേരളത്തേക്കാള്‍ ഒരു പോയിന്റ് മാത്രം പിന്നിലായി ബംഗാള്‍.  ആന്ധ്രയ്ക്കെതിരെ സ്പിന്നര്‍മാരുടെ കരുത്തില്‍ ജയം നേടിയ കേരളം സീസണിലാദ്യമായി മൂന്ന് പേസര്‍മാരെ അന്തിമ ഇലവനിലുള്‍പ്പെടുത്തിയേക്കും.

മധ്യപ്രദേശിനും ഹിമാചലിനും എതിരെ ഇന്നിംഗ്സ് ലീഡോടെ സമനില നേടിയ ബംഗാളിന്റെ കരുത്ത് നായകന്‍ മനോജ് തിവാരിയുടെ തകര്‍പ്പന്‍ ഫോമിലാണ്. ഒരു ഇന്നിംഗ്സില്‍ 15 ഓവറില്‍ കൂടുതൽ പന്തെറിയരുതെന്ന ബിസിസിഐ ഉപാധിയിൽ  ടീമിലെത്തിയ മുഹമ്മദ് ഷമി ബംഗാള്‍ ബൗളിംഗിന് നേതൃത്വം നൽകും