അംതാര്‍: കേരളത്തിനെതിരായ നിര്‍ണായക രഞ്ജി മത്സരത്തില്‍ ഹിമാചല്‍ ഭേദപ്പെട്ട സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഹിമാചല്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയിലാണ്. 89 റണ്‍സുമായി കല്‍സിയും 11 റണ്‍സുമായി ജസ്‌വാളും ക്രീസില്‍.

തുടക്കത്തിലെ തകര്‍ച്ചക്കുശേഷം അഞ്ചാം വിക്കറ്റില്‍ റിഷി ധവാന്‍-കല്‍സി സഖ്യം കൂട്ടിച്ചേര്‍ത്ത 105 റണ്‍സാണ് ഹിമാചലിന് കരുത്തായത്. ഏഴ് റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ഹിമാചല്‍ ഒരുഘട്ടത്തില്‍ 82/4 എന്ന നിലയില്‍ തകര്‍ന്നെങ്കിലും ധവാന്‍-കല്‍സി കൂട്ടുകെട്ട് അവരെ കരകയറ്റി. 58 റണ്‍സെടുത്ത റിഷി ധവാനെ എം ഡി നിധീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും എ ആര്‍ കുമാറിനെ(23) കൂട്ടുപിടിച്ച് കല്‍സി പോരാട്ടം തുടര്‍ന്നു. എന്നാല്‍ ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി സന്ദീപ് വാര്യര്‍ വീണ്ടും കേരളത്തിന് പ്രതീക്ഷ നല്‍കി.

കേരളത്തിനായി എംഡി നീഥീഷ് 81 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റെടുത്തു. ഓള്‍ റൗണ്ടര്‍ ജലജ് സക്സേനക്ക് വിശ്രമം നല്‍കിയാണ് നിര്‍ണായക പോരാട്ടത്തിന് കേരളം ഇറങ്ങിയത്. നോക്കൗട്ടിലെത്തണമെങ്കില്‍ കേരളത്തിന് ഹിമാചലിനെതിരെ വലിയ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്.