ദില്ലി: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ സര്‍വ്വീസസിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സര്‍വ്വീസസ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സുമായി ഓപ്പണര്‍ അന്‍ഷുല്‍ ഗുപ്തയും 23 റണ്‍സുമായി യാദവുമാണ് ക്രീസില്‍. കനത്ത മഞ്ഞുവീഴ്ച കാരണം ഉച്ചക്കാണ് കളി തുടങ്ങിയത്.

43 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്‌ടമായഷശേഷമായിരുന്നു സര്‍വീസസിന്റെ തിരിച്ചുവരവ്. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ അന്‍ഷുല്‍ ഗുപ്ത-യാദവ് സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കേരളത്തിനായി ആതിഫ് ബിന്‍ അഷ്റഫ് മൂന്ന് വിക്കറ്റും ബേസില്‍ തമ്പി ഒരു വിക്കറ്റും നേടി.

സീസണില്‍ കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരമാണിത്. ബോണസ് പോയിന്റോടെ ജയിച്ചാലെ കേരളത്തിന് നോക്കൗട്ട് പ്രതീക്ഷയുളളൂ. 22 പോയിന്‍റുമായി ഗ്രൂപ്പില്‍ നാലാമതാണ് കേരളം. 30 പോയിന്റുള്ള ഹൈദരബാദാണ് ഗ്രൂപ്പില്‍ ഒന്നാമത്. ആന്ധ്രയ്‌ക്കും ഹരിയാനയ്‌ക്കും 25 പോയിന്റ് വീതമുണ്ട്. കൂടുതല്‍ പോയന്റ് നേടുന്ന ആദ്യ രണ്ടു ടീമുകള്‍ക്കെ എലൈറ്റ് ഗ്രൂപ്പില്‍ കടക്കാനാവു.