തുമ്പയിലെ പിച്ചിൽ കേരള ടീം തൃപ്തരല്ലെന്ന് സൂചന. ബാറ്റ്സ്മാന്മാരെ മാത്രം തുണയ്ക്കുന്ന ഇത്തരം വിക്കറ്റുകളില്‍ കളിച്ചാൽ രഞ്ജി ട്രോഫിയിൽ നോക്കൗട്ട് മോഹങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയുണ്ട് കേരള ക്യാംപിന്...

തിരുവനന്തപുരം: രഞ‌്ജി ട്രോഫിക്കായി ഒരുക്കിയ തുമ്പയിലെ പിച്ചിൽ കേരള ടീം തൃപ്തരല്ലെന്ന് സൂചന. ബൗളര്‍മാര്‍ക്കും അവസരം ലഭിക്കുന്ന പിച്ച് പ്രതീക്ഷിക്കുന്നതായി പരിശീലകന്‍ ഡേവ് വാട്‍‍മോര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഹൈദരബാദിനെതിരെ കേരള ബൗളര്‍മാര്‍ 110 ഓവറിലേറെ എറിഞ്ഞിട്ടും അഞ്ച് വിക്കറ്റ് മാത്രമാണ് നേടാനായത്. ബാറ്റ്സ്മാന്മാരെ മാത്രം തുണയ്ക്കുന്ന ഇത്തരം വിക്കറ്റുകളില്‍ കളിച്ചാൽ രഞ്ജി ട്രോഫിയിൽ നോക്കൗട്ട് മോഹങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയുണ്ട് കേരള ക്യാംപിന്.

പിച്ച് ബാറ്റ്സ്ന്മാരെ തുണയ്ക്കുന്നതാണെന്ന് ഇരുടീമിലെയും മിക്കവരും പറഞ്ഞെങ്കിലും ഫീല്‍ഡിംഗ് പിഴവുകളും കാലാവസ്ഥയുമാണ് മത്സരം സമനിലയാകാന്‍ കാരണമെന്നായിരുന്നു കേരള നായകന്‍ സച്ചിന്‍ ബേബിയുടെ പ്രതികരണം. 

കഴിഞ്ഞ സീസണില്‍ കേരളം ക്വാര്‍ട്ടറിലെത്തുന്നതില്‍ നിര്‍ണായകമായത് തുമ്പ ഗ്രൗണ്ടിൽ നേടിയ അട്ടിമറിജയങ്ങളായിരുന്നു. ആന്ധ്രയ്ക്കെതിരെ ഒരാഴ്ചയ്ക്ക് ശേഷം തുടങ്ങുന്ന രണ്ടാം മത്സരത്തിലെങ്കിലും പിച്ചിന്‍റെ സ്വഭാവം മാറുമെന്ന പ്രതീക്ഷയിലാണ് കേരള ക്യാംപ്.