ബംഗളൂരു: ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം പൂര്‍ണമായും സന്ദര്‍ശകര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ഇന്ത്യയെ 189 റണ്‍സിന് പുറത്തായി ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്. എന്നാല്‍ രണ്ടാം ദിനം ഓസ്ട്രേലിയക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് ഇന്ത്യയുടെ ടോപ് സ്കോററായ രാഹുലിന്റെ പ്രവചനം. മത്സരശേഷം മാധ്യമപ്രവര്‍ത്തകരെകണ്ടപ്പോഴാണ് രാഹുല്‍ രണ്ടാം ദിനത്തെക്കുറിച്ച് ഓസീസിന് മുന്നറിയിപ്പ് നല്‍കിയത്.

പിച്ചിലെ വിള്ളലുകള്‍ ഇപ്പോള്‍ കൂടുതല്‍ ദൃശ്യമാണ്. ഈ പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം അശ്വിന്റേതായിരിക്കും. ഒന്നോ രണ്ടോ വിക്കറ്റ് കിട്ടിയാല്‍ പിന്നെ അശ്വിന്‍ ഓസീസിനെ കടപുഴക്കും. അക്കാര്യത്തില്‍ ഇന്ത്യക്ക് ആത്മവിശ്വാസമുണ്ട്-രാഹുല്‍ പറഞ്ഞു.

ആദ്യദിനം ജഡേജ കാര്യമായി ബൗള്‍ ചെയ്തില്ല. ഇടംകൈയന്‍ ബാറ്റ്സ്മാന്‍മാരുടെ ഓഫ്‌സ്റ്റമ്പിന് പുറത്ത് ജഡേജയ്ക്ക് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും രാഹുല്‍ പറഞ്ഞു. രണ്ടാം ദിനം ആദ്യസെഷനായിരിക്കും മത്സരത്തിന്റെ ഗതി നിര്‍ണയിക്കുക. ആദ്യ സെഷനില്‍ വിക്കറ്റ് വീഴ്‌ത്താനായില്ലെങ്കില്‍ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് പോവും.