കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. വൈറല്‍ ബാധയെത്തുടര്‍ന്ന് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസമായി അസുധബാധിതനായ ജഡേജ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ജഡേജ കായികക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അഞ്ചിന് തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ജഡേജ കളിക്കാനുള്ള സാധ്യത വിരളമാണ്. ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് മാത്രമെ ജഡേജയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി.

പരിക്കിനെത്തുടര്‍ന്ന് ശീഖര്‍ ധവാനും ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പാണ്. പേസ് ബൗളിംഗിനെ സഹായിക്കുന്ന പിച്ചില്‍ ഇന്ത്യ ഒരു സ്പിന്നറുമായി ഇറങ്ങാനാണ് സാധ്യത. ജഡേജയുടെ അഭാവത്തില്‍ അശ്വിന്‍ തന്നെ സ്പിന്നറായി ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.