പാരിസ്: പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മറെ റയൽ മാഡ്രിഡിലേക്ക് ക്ഷണിച്ച് ക്ലബ് പ്രസിഡന്‍റ് ഫ്ലോറെന്‍റീനോ പെരസ്. റയലിൽ എത്തുന്നതോടെ നെയ്മറിന് ബാലൻ ഡി ഓ‍‌ർ ഉൾപ്പടെയുള്ള വ്യക്തിഗത പുരസ്കാരം സ്വന്തമാക്കാൻ കഴിയുമെന്ന് റയൽ പ്രസിഡന്‍റ് പറഞ്ഞു. ഇത്തവണത്തെ ബാലൻ ഡി ഓറിൽ മൂന്നാം സഥാനത്തായിരുന്നു പിഎസ്ജിക്കായി മികച്ച ഫോമിലുള്ള നെയ്മർ. 

നെയ്മര്‍ പിഎസ്ജി വിടാന്‍ ഒരുങ്ങുന്നതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കളിക്കളത്തില്‍ സഹതാരം എഡിസണ്‍ കവാനിയുമായി നല്ല സൗഹാര്‍ദമല്ല നെയ്മര്‍ക്കുള്ളത്. അതേസമയം നെയ്മര്‍ ഉടനെ പിഎസ്ജി വിടില്ലെന്ന് വ്യക്തമാക്കി മുന്‍സഹതാരവും ഉറ്റ സുഹൃത്തുമായ ലിയോണല്‍ മെസി രംഗത്തെത്തി. ബാഴ്സലോണയിൽ നിന്ന് സർവകാല റെക്കോർഡ് തുകയായ 261 ദശലക്ഷം ഡോളറിനാണ് നെയ്മറെ പിഎസ്ജി ടീമിലെത്തിച്ചത്.