കൊഹ്‌ലിപ്പടയുടെ 19 മല്‍സരങ്ങളോളം നീണ്ട അപരാജിത കുതിപ്പിനാണ് ഓസ്‌ട്രേലിയ പൂനെയില്‍ കടിഞ്ഞാണിട്ടത്. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 333 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് രണ്ടു സ്റ്റീവുമാരാണ്. ഒന്ന് സ്റ്റീവ് ഒക്കേഫെ എന്ന സ്‌പിന്നറും മറ്റൊന്ന് സ്റ്റീവ് സ്‌മിത്ത് എന്ന നായകനും. സ്‌പിന്‍ ബൗളിംഗിലെ മികവ് കൊണ്ടുതന്നെയാണ് ഓസ്‌ട്രേലിയ ഈ മല്‍സരം ജയിച്ചുകയറിയത്. ഇടംകൈയന്‍ സ്‌പിന്നറായ സ്റ്റീവ് ഒക്കേഫെ ഇരു ഇന്നിംഗ്‌സുകളിലുമായി ആറു വീതം വിക്കറ്റുകളാണ് നേടിയത്. ഇന്ത്യയെ ആദ്യ ഇന്നിംഗ്സില്‍ 105 റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ 107 റണ്‍സിനും പുറത്താക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് സ്റ്റീവ് ഒക്കേഫെയാണ്. നഥാന്‍ ലിയോണ്‍ ഇരു ഇന്നിംഗ്സുകളില്‍നിന്നായി അഞ്ചു വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്സില്‍ 155 റണ്‍സിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയയ്‌ക്ക് രണ്ടാം ഇന്നിംഗ്സില്‍ 285 റണ്‍സ് നേടാനായതും നിര്‍ണായകമായി. ഇതില്‍ ഏറ്റവും പ്രധാനം ഓസീസ് നായകന‍് സ്റ്റീവ് സ്‌മിത്തിന്റെ സെഞ്ച്വറിയായിരുന്നു. 202 പന്ത് നേരിട്ട സ്‌മിത്ത് 109 റണ്‍സെടുത്താണ് പുറത്തായത്. സ്‌മിത്തിന്റെ ഒറ്റയാള്‍ പോരാട്ടം ഉറച്ച ലീഡ് ഓസ്‌ട്രേലിയയ്‌ക്ക് സമ്മാനിച്ചു. ഇതോടെ ഇന്ത്യ മല്‍സരത്തില്‍നിന്ന് അപ്രസക്തമായി തുടങ്ങി. അവസാനം ഒക്കേഫെയും ലിയോണും ചേര്‍ന്ന് അവസാനത്തെ ആണിയടിച്ചപ്പോള്‍ ഇന്ത്യന്‍ ദുരന്തം പൂര്‍ണമായി. ബാറ്റിംങ്ങില്‍ തിളങ്ങിയ സ്റ്റീവ് സ്‌മിത്തിന്റെ നേതൃപാടവവും ഓസ്‌ട്രേലിയന്‍ കുതിപ്പിന് ഗതിവേഗം പകര്‍ന്നു.