കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന്റെ സഞ്ജു വി സാംസണ് സെഞ്ചുറി. അപരാജിയ സെഞ്ചുറിയുമായി ക്രീസില്‍ നില്‍കുന്ന സഞ്ചുവിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ ആദ്യ ദിനം കേരളം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു. ആറ് റണ്‍സെടുത്ത മനുകൃഷ്ണനാണ് 129 റണ്‍സുമായി ക്രീസിലുള്ള സഞ്ജുവിന് കൂട്ട്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. നാലു റണ്‍സെടുത്ത് തക്കറും ഒരു റണ്ണെടുത്ത രോഹന്‍ പ്രേമും പുറത്താകുമ്പോള്‍ കേരളത്തിന്റെ സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സെ ഉണ്ടായിരുന്നുള്ളു. മൂന്നാം വിക്കറ്റില്‍ ജലജ് സക്സേനയ്ക്കൊപ്പം ഒത്തു ചേര്‍ന്ന സഞ്ജു കേരളത്തെ 100 കടത്തി. 69 റണ്‍സെടുത്ത ജലജ് സക്സേന പുറത്തായശേഷം കേരളം വീണ്ടും തകര്‍ച്ചയിലായി. സച്ചിന്‍ ബേബി(0), റോബര്‍ട്ട് ഫെര്‍ണാണ്ടസ്(3) എന്നിവര്‍ കൂടി പെട്ടെന്ന് മടങ്ങിയെങ്കിലും ഇക്ബാല്‍ അബ്ദുള്ള(14), മോനിഷ്(14) എന്നിവരെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന സഞ്ജു കേരളത്തെ 250 കടത്തി.
പിരിയാത്ത എട്ടാം വിക്കറ്റില്‍ സഞ്ജുവും മനു കൃഷ്ണനും ചേര്‍ന്ന് 20 റണ്‍സെടുത്തിട്ടുണ്ട്. കശ്മീരിനായി സമിയുള്ള ബേഗ് നാലു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ രാം ദയാല്‍ രണ്ടു വിക്കറ്റെടുത്തു.
