അംപയറോടും നായകന്‍ സ്‌മിത്തിനോടും സംസാരിച്ചശേഷം ഓസീസ് ഓപ്പണര്‍ മാറ്റ് റെന്‍ഷാ ക്രീസ് വിട്ടു. പരിക്കേല്‍ക്കാതെ എന്തിനാണ് റെന്‍ഷാ പുറത്തേക്ക് പോയത്? ഇതുകണ്ട് ഗ്യാലറിയിലെ കാണികളും ടിവിയില്‍ കളി കണ്ടവരും കമന്റേറ്റര്‍മാരുമൊക്കെ മുഖംചുളിച്ചു. പിന്നീട് കളിക്കുശേഷം റെന്‍ഷാ തന്നെയാണ് ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചത്. സംഗതി എന്തെന്നുവെച്ചാല്‍, ബാറ്റു ചെയ്യുന്നതിനിടെ വയറിന് അസ്വസ്ഥത അനുഭവപ്പെട്ട റെന്‍ഷായ്‌ക്ക് കക്കൂസില്‍ പോകണം. എങ്ങനെയെങ്കിലും ലഞ്ച് ആയാല്‍ മതിയെന്നായി. അപയറോട് ചോദിച്ചപ്പോള്‍ ഇനിയും അരമണിക്കൂര്‍ കൂടിയുണ്ട് ലഞ്ചിന്. എന്നാല്‍ ഇത്രയും സമയം കാത്തിരിക്കാന്‍ റെന്‍ഷായ്‌ക്ക് വയ്യ. വയറിനുള്ള അസ്വസ്ഥത കാരണം ബാറ്റുചെയ്യാനോ ഓടാനോ വയ്യാത്ത അവസ്ഥയിലായിരുന്നു റെന്‍ഷാ. 

ഇക്കാര്യം വീണ്ടും അംപയര്‍മാരോട് സൂചിപ്പിച്ചെങ്കിലും നിലവില്‍ ക്രിക്കറ്റിലെ വ്യവസ്ഥ അനുസരിച്ച് പരിക്കേല്‍ക്കാതെയോ, പുറത്താകാതെയോ ക്രീസില്‍നിന്ന് വിടാന്‍ ബാറ്റ്‌സ്‌മാന് അനുമതിയില്ലെന്ന് അംപയര്‍മാര്‍ അറിയിച്ചു. എന്നാല്‍ നായകന്‍ സ്‌മിത്തുമായി ഇക്കാര്യം സംസാരിച്ചു. ഒടുവില്‍ സ്‌മിത്ത് കൂടി സംസാരിച്ചശേഷമാണ് അംപയര്‍മാര്‍, റെന്‍ഷായെ പുറത്തുപോകാന്‍ അനുവദിച്ചത്. 

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍തന്നെ ഇതാദ്യമായാണ് ബാറ്റിങിനിടെ ഒരു കളിക്കാരന് കക്കൂസില്‍ പോകുന്നതിനായി ക്രീസ് വിടാന്‍ അനുമതി നല്‍കുന്നത്.