ഹരാരെ: സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെ ബലാത്സംഗക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമിക്കുന്ന ഹരാരെയിലെ മൈക്കല്‍സ് ഹോട്ടലില്‍ താമസിക്കുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റെന്നാണ് newzimbabwe.comറിപ്പോര്‍ട്ട് ചെയ്തത്. മദ്യലഹരിയിലായിരുന്ന ടീം അംഗം ലോബിയില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് ആരോപണം.

ഹരാരെ പോലീസ് കമ്മീഷണര്‍ ചാരിറ്റി ചാരംബ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ കളിക്കാരനാണോ സപ്പോര്‍ട്ട് സ്റ്റാഫാണോ അറസ്റ്റിലായതെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. ആരോപണവിധേയനായ ടീം അംഗത്തെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്നമായി വളരാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെയാണ് സിംബാബ്‌വെ പോലീസ് കേസ് കൈകാര്യം ചെയ്യുന്നത്. അറസ്റ്റ് ഒഴിവാക്കാനായി സിംബാബ്‌വെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹോട്ടലില്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ടീമിലെ കളിക്കാരന്‍ തന്നെയാണോ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമായി പറയാന്‍ ഹരാരെ പോലീസ് ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ താരങ്ങളൊഴികെ വിദേശികളാരും ഈ ഹോട്ടലില്‍ താമസിക്കുന്നില്ലെന്നും അറസ്റ്റിലായത് ഇന്ത്യക്കാരനാണെന്നും അവര്‍ സ്ഥിരീകരിക്കുന്നുണ്ട്.