റിയോഡി ജനീറോ: ബ്രസീലിയന്‍ മുന്‍ ഫുട്ബോള്‍ താരം റോബര്‍ട്ടോ കാര്‍ലോസിന് മൂന്ന് മാസം തടവുശിക്ഷ. മുന്‍ പങ്കാളി ബാര്‍ബറ തൂര്‍ലറിലുള്ള രണ്ട് മക്കള്‍ക്ക് ജീവനാംശം നൽകാത്തതിനാണ് നടപടി.റിയോ ഡി ജനീറോയിലെ കുടുംബകോടതി വിധിച്ച 20,000 ഡോളര്‍ ഇതുവരെയും കാര്‍ലോസ് നൽകിയിരുന്നില്ല. സാമ്പത്തിക പ്രയാസം കാരണമാണ് തുക നൽകാത്തതെന്ന കാര്‍ലോസിന്‍റെ വാദം കോടതി തള്ളി.

കാര്‍ലോസ് ജയിലില്‍ പോകാത്ത രീതിയിൽ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കുമെന്ന് താരത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. കാര്‍ലോസിന് ആകെ ഒമ്പത് മക്കളുണ്ട്. 44കാരനായ കാര്‍ലോസ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 2002ലെ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലും അംഗമായിരുന്നു.വെടിയുണ്ട കണക്കെയുള്ള ഫ്രീ കിക്കുകള്‍കൊണ്ടും അതിവേഗ ഓട്ടം കൊണ്ടും ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരം കൂടിയാണ് കാര്‍ലോസ്.

അടുത്തിടെയാണ് നിലവിലെ ഭാര്യ മരിയാന ലൂക്കോണില്‍ കാര്‍ലോസിന് കുഞ്ഞ് പിറന്നത്. റയല്‍ മാഡ്രിഡ് ടീം അംഗം കൂടിയായിരുന്ന കാര്‍ലോസ് അവരെ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലേക്കും നയിച്ചിട്ടുണ്ട്. നിലവില്‍ ഏഷ്യാ-ഓഷ്യാനിയ മേഖലയിലെ റയലിന്റെ അംബാസ‍ഡറാണ് താരം.