വിരമിക്കാന്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളി സ്വിസ് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. അടുത്ത ഓസ്‌ട്രേലിയന്‍ ഓപ്പണിലും കളിക്കുമെന്ന് ഫെഡറര്‍ പറഞ്ഞു. അടുത്ത വര്‍ഷം മെല്‍ബണില്‍ കളിച്ചില്ലെങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലെ അഞ്ചാം കിരീടം തന്നെ സന്തോഷവാനാക്കിയെന്ന റോജര്‍ ഫെഡററിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ അഭ്യൂഹങ്ങള്‍ക്കാണ് വഴിവച്ചത്. 

എന്നാല്‍ ഐതിഹാസിക നേട്ടത്തിന്റെ അടുത്ത ദിവസം അഭ്യൂഹങ്ങളെല്ലാം തള്ളിയ ഫെഡറര്‍ 2018ലും ഓസ്‌ട്രേലിയന്‍ ഓപ്പണിനുണ്ടാകുമെന്ന് വ്യക്തമാക്കി. ലോക റാങ്കിംഗില്‍ പതിനേഴാമനായി ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ റോജര്‍ ഫെഡറര്‍ മടങ്ങുന്നത് ആദ്യ പത്തില്‍ തിരിച്ചെത്തിയ ശേഷമാണ്.

എടിപി പുറത്തിറക്കിയ പുതിയ പട്ടികയില്‍ ഫെഡറര്‍ പത്താംസ്ഥാനത്തെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ തോറ്റെങ്കിലും റാഫേല്‍ നദാലും റാങ്കിംഗ് മെച്ചപ്പെടുത്തി. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ സ്പാനിഷ് താരം ആറാം റാങ്കിലേക്ക് ഉയര്‍ന്നു.