ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20 മൽസരത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശര്‍മ്മയ്ക്ക് ഒരു ഇന്ത്യൻ റെക്കോര്‍ഡ്. ടി20യിൽ 1500 റണ്‍സ് തികയ്‌ക്കുകയെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റൊരു ഇന്ത്യൻ താരം. അന്താരാഷ്‌ട്ര ടി20യിൽ 1500 തികയ്‌ക്കുന്ന പതിന്നാലാമത്തെ ബാറ്റ്‌സ്‌മാനാണ് രോഹിത് ശര്‍മ്മ. വ്യക്തിഗത സ്കോര്‍ 15ൽ എത്തിയപ്പോഴാണ് രോഹിത് ടി20 കരിയറിൽ 1500 എന്ന നേട്ടത്തിലെത്തിയത്. രോഹിതിന്റെ ടി20 കരിയറിൽ ഒരു സെഞ്ച്വറിയും 12 അര്‍ദ്ധസെഞ്ച്വറികളുമുണ്ട്. 1956 റണ്‍സാണ് കോലിയുടെ ടി20 സമ്പാദ്യം. ഇതിൽ 18 അര്‍ദ്ധസെഞ്ച്വറികളുണ്ട്. എന്നാൽ ടി20യിൽ കോലിയ്‌ക്ക് ഇതേവരെ മൂന്നക്കം തികയ്‌ക്കാനായിട്ടില്ല. ടി20യിൽ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ളത് ന്യൂസിലാന്‍ഡ് താരം ബ്രണ്ടൻ മക്കല്ലമാണ്. 70 കളികളിൽ 2140 റണ്‍സാണ് മക്കല്ലം നേടിയിട്ടുള്ളത്. 1956 റണ്‍സുമായി രണ്ടാമതുള്ള വിരാട് കോലിയ്ക്ക് അധികംവൈകാതെ മക്കല്ലത്തെ മറികടക്കാനാകുമെന്ന് ഇന്ത്യൻ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.