കൊല്‍ക്കത്ത: രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഇന്ത്യക്ക് കൊല്‍ക്കത്ത ടെസ്റ്റില്‍ മേല്‍ക്കൈ സമ്മാനിച്ചത്. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പതറിയപ്പോള്‍ രോഹിത് നേടിയ അര്‍ദ്ധസെഞ്ച്വറി വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായി. ന്യുസീലന്‍ഡിനെതിരായ പരമ്പര തുടങ്ങുന്നതിന് മുമ്പ് വിമര്‍ശന ശരങ്ങളായിരുന്നു രോഹിത് ശര്‍മയുടെ നേര്‍ക്ക്.
തുടര്‍ച്ചയായി പരാജയപ്പെടുന്ന രോഹിത് ടെസ്റ്റ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നായിരുന്നു ആരോപണം. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ് അപ്പോള്‍ രോഹിതിന് പിന്തുണയുമായെത്തിയത്.ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധസെഞ്ച്വറി നേടി നില അല്‍പം ഭദ്രമാക്കിയെങ്കിലും കൊല്‍ക്കത്ത ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ വിമര്‍ശകര്‍ വീണ്ടുമെത്തി.
ഭാഗ്യ ഗ്രൗണ്ടായ ഈഡനിലും രോഹിതിന് പിഴക്കുകയാണോ എന്ന ആശങ്കയിലായി ആരാധകരും. എന്നാല്‍ തകര്‍പ്പനൊരു ഇന്നിംഗ്സിലൂടെ രോഹിത് ക്യാപ്റ്റന്‍റെയും ആരാധകരുടെയും വിശ്വാസം കാത്തു. 4ന് 43 എന്ന നിലയല്‍ രണ്ടാം ഇന്നിംഗ്സില്‍ ടീം പരുങ്ങുമ്പോഴാണ് മുംബൈ താരം ക്രീസിലെത്തുന്നത്. ആദ്യം കോലിക്കൊപ്പവും പിന്നീട് സാഹക്കൊപ്പവും ചേര്‍ന്ന് രോഹിത് ഇന്ത്യയെ സുരക്ഷിത നിലയിലെത്തിച്ചു.
89 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയിലെത്തിയ രോഹിത് ഈഡനിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയിലേക്കാണ് മുന്നേറ്റമെന്ന് തോന്നിച്ചെങ്കിലും 82ല്‍ വച്ച് സാന്റനര്‍ രോഹിതിനെ മടക്കി. സെഞ്ച്വറി നേടാനായില്ലെങ്കിലും രോഹിതിന്റെ ടെസ്റ്റ് കരിയറില്‍ത്തന്നെ നിര്‍ണായകമാകുന്ന ഒരു ഇന്നിംഗ്സിനാണ് ഈഡന്‍ സാക്ഷ്യം വഹിച്ചത്.
