മൊഹാലി: മനുഷ്യസ്നേഹം കൊണ്ട് ലോകത്തിന്‍റെ കയ്യടി നേടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ. പിതാവിന് അര്‍ബുദം ബാധിച്ചതിനാല്‍ അടിയന്തിരമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ ശ്രീലങ്കന്‍ ആരാധകന് സഹായവുമായെത്തി രോഹിത്. ദില്ലിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് മുഹമ്മദ് നിലാം എന്ന ആരാധകന്‍റെ പിതാവിന് തൊണ്ടയില്‍ അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. 

എന്നാല്‍ ഡിസംബര്‍ 26ന് മാത്രം നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത ആരാധകന് ഉടനടി മടങ്ങാന്‍ കയ്യില്‍ പണമില്ലാതെ വന്നു. വിവരമറിഞ്ഞ കടുത്ത ഇന്ത്യന്‍ ആരാധകനായ സുദീര്‍ ഗൗതം ഇന്ത്യന്‍ നായകന്‍ രോഹിതിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. സംഭവത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ നിലാമിന് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റിനുള്ള പണം നല്‍കി. 

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി നിലാമിന് 20,000 രൂപ രോഹിത് കൈമാറുകയായിരുന്നു. തുടര്‍ന്ന് പിതാവിന്‍റെ ചികിത്സക്കായി ഡിസംബര്‍ അഞ്ചിന് നിലാം കൊളംബയിലേക്ക് മടങ്ങി. പിതാവിന്‍റെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്നും ശസ്ത്രക്രിയക്കായി രോഹിത് സാമ്പത്തിക സഹായം നല്‍കിയെന്നും നിലാം അറിയിച്ചു. വിവാഹത്തിനായി ഇറ്റലിയിലേക്ക് പോയ സ്ഥിരം നായകന്‍ വിരാട് കോലിയും ചികിത്സാസഹായം വാഗ്ദാം ചെയ്തിട്ടുണ്ട്.