പോര്‍ട്ട് എലിസബത്ത്: വിമര്‍ശകര്‍ക്ക് സെഞ്ചുറി കൊണ്ട് മറുപടി നല്‍കി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ രോഹിതിന്‍റെ കരുത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. 51 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ഹിറ്റ്മാന്‍ 107 പന്തില്‍ സെഞ്ചുറിയിലെത്തി. എട്ട് ഫോറും നാല് സിക്സും അടക്കമാണ് രോഹിത് തകര്‍പ്പന്‍ സെഞ്ചുറി അടിച്ചെടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാമത്തെ സെഞ്ചുറിയും ഏകദിനത്തില്‍ രോഹിതിന്‍റെ 17-ാം സെഞ്ചുറിയുമാണിത്. പരമ്പരയില്‍ ആദ്യമായാണ് രോഹിത് അമ്പതിലധികം സ്കോര്‍ ചെയ്യുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ 202-3 എന്ന നിലയിലാണ് ഇന്ത്യ. 101 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 13 റണ്‍സുമായി ശ്രേയാംസ് അയ്യരുമാണ് ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നല്‍കിയത്. 23 പന്തില്‍ 34 റണ്‍സെടുത്ത ശീഖര്‍ ധവാന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ രോഹിത്-കോലി സഖ്യം മികച്ച കൂട്ടുകെട്ട് ഇന്ത്യയ്ക്കായി പടുത്തുയര്‍ത്തി. എന്നാല്‍ 36 റണ്‍സില്‍ നില്‍ക്കേ കോലി പുറത്താകുമ്പോള്‍ ടീം സ്കോര്‍ 153-2. 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രഹാനെ(8) പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
