ധാംബുള്ള: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിനിടെ ലങ്കയ്ക്ക് ആഘോഷിക്കാന്‍ ലഭിച്ച ഒരേയൊരു നിമിഷം രോഹിത് ശര്‍മയുടെ റണ്ണൗട്ടായിരുന്നു. നാലു റണ്‍സെടുത്ത് നില്‍ക്കെ കവറിലേക്ക് പന്തു തട്ടിയിട്ട് അതിവേഗ സിംഗിളെടുക്കാന്‍ ശ്രമിച്ച രോഹിത് അനായാസം ക്രീസിലെത്തിയെങ്കിലും അതിനുമുമ്പ് പിച്ചില്‍ കുത്തിയപ്പോള്‍ ബാറ്റ് കൈയില്‍ നിന്ന് നഷ്ടമായി. ബാറ്റില്ലാതെ ക്രീസിലേക്ക് കയറിയ രോഹിത് കാല്‍ ഉയര്‍ത്തിയ സെക്കന്‍ഡില്‍ തന്നെ പന്ത് വിക്കറ്റില്‍ കൊണ്ടതിനാല്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയും ചെയ്തു.

Scroll to load tweet…

സമീപകാലത്ത് ലങ്കയ്ക്കെതിരായ രോഹിത്തിന്റെ മോശം റെക്കോര്‍ഡ് ആവര്‍ത്തിക്കുന്നതായി ഈ റണ്ണൗട്ടും. കഴിഞ്ഞ 10 കളികളില്‍ ലങ്കയ്ക്കെതിരെ ഒരേയൊരു തവണ മാത്രമാണ് രോഹിത് രണ്ടക്കം കടന്നത്. 11 റണ്‍സാണ് ലങ്കയ്ക്കെതിരായ കഴിഞ്ഞ 10 കളികളില്‍ രോഹിതിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

Scroll to load tweet…

ഇത്തവണ വൈസ് ക്യാപ്റ്റനായി പ്രമോഷന്‍ ലഭിച്ച രോഹിത് മികച്ച പ്രകടനം പുറത്തെടുക്കാനുറച്ചാണ് ക്രീസിലെത്തിയത്. എന്നാല്‍ നിര്‍ഭാഗ്യകരമായ റണ്ണൗട്ട് രോഹിത്തിന്റെ വിധിയെഴുതി.