നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയത് മണ്ടത്തരം: റൊണാള്‍ഡോ

First Published 13, Jan 2018, 4:21 PM IST
RONALDO CRITISESE NEYMAR TRANSFER TO PSG
Highlights

സാവോപോള: ബ്രസീലിയന്‍ താരം നെയ്‌മര്‍ റെക്കോര്‍ഡ് തുകയ്ക്ക് പാരിസ് സെയ്ന്‍റ് ജര്‍മ്മനിലേക്ക് കൂടുമാറിയത് തെറ്റായിപ്പോയെന്ന് ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ. നെയ്മറുടെ തീരുമാനം താരത്തെ പിന്നോട്ടടിക്കുമെന്ന് മുന്‍ ലോക ഫുട്ബോളറായ റൊണാള്‍ഡോ കുറ്റപ്പെടുത്തി. 2016 ആഗസ്റ്റിലാണ് 222 മില്യന്‍ യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് നെയ്മര്‍ ബാഴ്സിലോണയില്‍ നിന്ന് ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ ചേക്കേറിയത്. 

അതേസമയം പാരിസ് സെയ്ന്‍റ് ജര്‍മ്മനില്‍ മികച്ച ഫോമിലുള്ള നെയ്മര്‍ ഇതിനകം 22 മത്സരങ്ങളില്‍ 20 ഗോളുകള്‍ നേടിക്കഴിഞ്ഞു. എന്നാല്‍ നെയ്മറുടെ തീരുമാനം കരിയറിന് ഗുണം ചെയ്യില്ലെന്ന് ബാഴ്സിലോണ, ഇന്‍റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, എസ് മിലാന്‍ ക്ലബൂകള്‍ക്കായി കളിച്ചിട്ടുള്ള റൊണാള്‍ഡോ പറയുന്നു.  ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സീക്കോയുമായി നടത്തിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ അഭിപ്രായം വെളിപ്പെടുത്തിയത്.

എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫോര്‍വേഡ് ഗബ്രിയേല്‍ ജീസസിനെ മുന്‍ ലോക ഫുട്ബോളര്‍ പ്രശംസിച്ചു. ബ്രസീലില്‍ ഏഴ് വര്‍ഷത്തിനിടയിലെ മികച്ച സെന്‍ട്രല്‍ സ്‌ട്രൈക്കറാണ് ജീസസ്‍. ബ്രസീലിയന്‍ ടീമില്‍ ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്ന ഒന്‍പതാം നമ്പര്‍ ജഴ്സിയിലെ വിടവ് നികത്താന്‍ ജീസസിന് കഴിയുമെന്ന് റൊണാള്‍ഡോ പറയുന്നു. ബ്രസീലില്‍ റൊണാള്‍ഡോയുടെ പിന്‍ഗാമിയാണ് ജീസസ് എന്ന് വിലയിരുത്തപ്പെടുന്നത്.
 

loader