കോലിപ്പടയ്ക്ക് ഇനിയുള്ള എല്ലാ കളിയും ജയിക്കുകയും മറ്റുള്ളവ‍ർക്ക് അടിതെറ്റുകയും ചെയ്താലേ പ്ലേഓഫിലേക്ക് കടക്കനാവൂ.
മൊഹാലി: ഭാഗ്യത്തെയും കണക്കുകളെയും കൂട്ടുപിടിച്ച് പ്ലേ ഓഫ് സ്വപ്നം കാണുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 11 കളിയിൽ നാല് ജയംമാത്രമുള്ള കോലിപ്പടയ്ക്ക് ഇനിയുള്ള എല്ലാ കളിയും ജയിക്കുകയും മറ്റുള്ളവർക്ക് അടിതെറ്റുകയും ചെയ്താലേ പ്ലേഓഫിലേക്ക് കടക്കനാവൂ. ക്യാപ്റ്റൻ കോലിയുടെയും എ ബി ഡിവിലിയേഴ്സിന്റെയും ബാറ്റിംഗ് കരുത്തിൽ ഡൽഹിയെ വീഴ്ത്തിയ ആത്മ വിശ്വാസവുമായാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. രാത്രി എട്ടിനാണ് മത്സരം.
ബൗളർമാരുടെ സ്ഥിരതയില്ലായ്മ ബാംഗ്ലൂരിന്റെ ആശങ്കയായി തുടരുന്നു. ഇന്ന് തോറ്റാൽ ബാംഗ്ലൂരിന്റെ നേരിയ പ്രതീക്ഷയും തകരും. 11 കളിയിൽ 12 പോയിന്റുളള പഞ്ചാബ് പൂർണ സുരക്ഷിതരല്ല. തുടർ തോൽവികൾ കിംഗ്സ് ഇലവനെ സമ്മർദത്തിലാക്കി.
കെ എൽ രാഹുൽ തകർത്തടിക്കുന്നുണ്ടെങ്കിലും ക്രിസ് ഗെയ്ലിന്റെ ഫോം മങ്ങിയത് പഞ്ചാബിന് തിരിച്ചടിയായി. ക്യാപ്റ്റൻ അശ്വിൻ അടക്കമുള്ള ബൗളിംഗ് നിരയുടെ പ്രകടനവും ശരാശരി. നേരത്തേ ഏറ്റുമുട്ടിയപ്പോൾ നാല് വിക്കറ്റ് ജയം ബാംഗ്ലൂരിനൊപ്പം.



