നേരത്തേ കോഹ്ലിയും ഛേത്രിക്ക് പിന്തുണ അറിയിച്ചിരുന്നു
മുംബെെ: കമോണ്‍ ഇന്ത്യ... നമ്മുടെ ടീമുകള്‍ക്ക് പിന്തുണ നല്‍കി എവിടെയായാലും എപ്പോഴായാലും സ്റ്റേഡിയങ്ങള്‍ നിറയ്ക്കൂ. പറയുന്നത് മറ്റാരുമല്ല, സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് പിന്തുണ നല്‍കാനുള്ള സുനില്‍ ഛേത്രിയുടെ അഭ്യര്‍ഥനയ്ക്ക് പിന്നാലെയാണ് സച്ചിന്‍ രംഗത്ത് വന്നിരിക്കുന്നത്. നേരത്തേ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ മത്സരങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ട് ട്വിറ്ററില്‍ എത്തിയിരുന്നു.
നമ്മുടെ ടീമുകള്‍ കളിക്കുമ്പോള്‍ അവരുടെ പിന്നില്‍ അണിനിരക്കുന്നത് വളരെ പ്രധാനമാണ്. കടുത്ത പരിശീലനങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തിനായി അവര്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് സ്വപ്നമാണെന്നും സച്ചിന്‍ തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. നമ്മുടെ താരങ്ങള്‍ക്ക് പിന്തുണ നല്‍കണം. അത് മറ്റെന്തിനേക്കാളും അവര്‍ക്ക് ഊര്‍ജം നല്‍കുമെന്നും സച്ചിന്‍ പറയുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനും നായകന്‍ സുനില്‍ ഛേത്രിക്കും പിന്തുണ നല്‍കിയാണ് കോഹ്ലിയും ട്വീറ്റ് ചെയ്തത്.
ഇന്ത്യന്‍ ടീമിനെ വിമർശിച്ചോളൂ, എന്നാല്‍ ദയവായി മത്സരങ്ങള്‍ കാണുക എന്നാണ് ആരാധകരോട് സുനില്‍ ഛേത്രി ആവശ്യപ്പെട്ടത്. ചൈനീസ് തായ്പേയിക്കെതിരായ ഇന്ത്യയുടെ മത്സരം കാണാന്‍ വെറും 2,569 പേര്‍ മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്. മത്സരത്തില്‍ ഛേത്രിയുടെ ഹാട്രിക്കില്‍ ഇന്ത്യ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. മുംബെെയില്‍ കെനിയക്കെതിരെ നാളെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
