ഏറെ നിര്‍ണായകമായ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തുടക്കമാകാൻ ഇനി മണിക്കൂറുകള്‍ മാത്രം. ക്രിക്കറ്റ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പരമ്പരയിൽ കോലിയും സംഘവും ദക്ഷിണാഫ്രിക്കയെ കീഴടക്കുമോയെന്നാണ് അറിയേണ്ടത്. ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന കോലിയുടെ തുറുപ്പ് ചീട്ട് ആരായിരിക്കും? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി സച്ചിൻ ടെൻഡുൽക്കര്‍. ദക്ഷിണാഫ്രിക്കയിൽ ഹര്‍ദ്ദിക് പാണ്ഡ്യ ആയിരിക്കും ഇന്ത്യയുടെ തുറുപ്പ് ചീട്ടെന്ന് സച്ചിൻ പറയുന്നു. 17-18 ഓവര്‍ പന്തെറിയാനും, ഏഴാമതോ എട്ടാമതോ ഇറങ്ങി ആവശ്യത്തിന് റണ്‍സടിക്കാനും കഴിയുന്ന താരമാണ് ഹര്‍ദ്ദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാണ്ഡ്യ തിളങ്ങുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ മുന്നേറ്റത്തിന് പാണ്ഡ്യ നിര്‍ണായക പങ്ക് വഹിക്കുമെന്നും സച്ചിൻ പറഞ്ഞു. നാലാം പേസ് ബൗളറായും പാണ്ഡ്യയെ ഉപയോഗിക്കാം. കപിൽദേവിന്റെ കാലഘട്ടത്തിലും ഇന്ത്യ ഇങ്ങനെ നാലാം പേസറായി ഒരു ഓള്‍റൗണ്ടറെ ഉപയോഗിച്ചിരുന്നു. മനോജ് പ്രഭാകറായിരുന്നു ആ കളിക്കാരനെന്നും സച്ചിൻ ഓര്‍മ്മിപ്പിച്ചു. മികച്ച മധ്യനിരബാറ്റ്‌സ്‌മാനും തികവുറ്റ ഫീൽഡറുമാണ് പാണ്ഡ്യയെന്ന് സച്ചിൻ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ ഇക്കാര്യം പറഞ്ഞത്.