വിദേശത്തെ കപ്പിത്താന്‍ എന്നായിരുന്നു വീരുവിന്‍റെയും കോലിയുടെയും അഭിപ്രായം
മുംബൈ: വിദേശത്ത് കാലിടറുന്നവര്...ഇന്ത്യന് ബാറ്റ്സ്മാന്മാര് കാലങ്ങളായി കേട്ടിരുന്ന പഴിയായിരുന്നു ഇത്. എന്നാല് ഇന്ത്യന് ക്രിക്കറ്റിലെ 'വന്മതില്' രാഹുല് ദ്രാവിഡ്, 'വെരി വെരി സ്പെഷല്' വിവിഎസ് ലക്ഷ്മണ് തുടങ്ങിയവരുടെ വരവോടെ ഈ നാണക്കേട് ഇന്ത്യ ഏറെക്കുറെ ഒഴിവാക്കി. പുതുതലമുറയില് വിദേശ പിച്ചുകളില് ബൗളര്മാരെ വെള്ളം കുടിപ്പിക്കുന്ന താരങ്ങളില് മുന്പന് അജിങ്ക്യ രഹാനെയാണ്.
ഇന്ത്യയുടെ രണ്ടാം വന്മതില് എന്ന് വിളിക്കപ്പെടുന്ന രഹാനെയുടെ 30-ാം ജന്മദിനമായിരുന്നു ബുധനാഴ്ച്ച. ജന്മദിനത്തില് രഹാനെയ്ക്ക് ലഭിച്ച ആശംസകള് താരത്തിന്റെ മികവ് വ്യക്തമാക്കുന്നു. താന് കണ്ടുമുട്ടിയ കഠിനാധ്വാനിയും മാന്യനും സത്യസന്ധനുമായ ക്രിക്കറ്ററാണ് രഹാനെയെന്നായിരുന്നു സച്ചിന്റെ വാക്കുകള്. 'നല്ല ഒരു സീസണ് ആശംസിക്കുന്നു. എല്ലായിപ്പോഴും ആശംസകള് കൂടെയുണ്ട്'- സച്ചിന് ട്വിറ്ററില് കുറിച്ചു.
ഇന്ത്യയ്ക്ക് വിദേശത്ത് ഒട്ടേറെ ജയങ്ങള് നേടിത്തന്ന ബാറ്റ്സ്മാനാണ് രഹാനെയെന്നായിരുന്നു വീരുവിന്റ പരാമര്ശം. ഇന്ത്യയുടെ സ്ഥിരം നായകന് വിരാട് കോലിയും ജന്മദിനാശംസയില് വിദേശ പിച്ചിലുള്ള രഹാനെയുടെ പ്രകടനത്തെ പ്രശംസിച്ചു. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, വെസ്റ്റിന്ഡീസ്, ന്യൂസീലന്ഡ് എന്നിവിടങ്ങളില് മികച്ച റെക്കോര്ഡാണ് രഹാനെയ്ക്കുള്ളത്. ടെസ്റ്റില് ഒമ്പതില് ആറ് സെഞ്ചുറികളും രഹാനെ കുറിച്ചത് വിദേശത്താണ്.
കഴിഞ്ഞ മാസം അവസാനിച്ച ഐപിഎല്ലില് കാര്യമായ മികവ് കാട്ടാനായില്ലെങ്കിലും വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില് രഹാനെയ്ക്ക് അവസരം ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂണ് 14ന് ആരംഭിക്കുന്ന അഫ്ഗാനെതിരായ ചരിത്ര ടെസ്റ്റില് കോലിക്ക് പകരം ഇന്ത്യയെ നയിക്കുന്നത് രഹാനെയാണ്.
