വിദേശത്ത് പ്രകടനം മെച്ചപ്പെടുത്താന്‍ ഗുണപരമായ നിര്‍ദ്ദേശങ്ങളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ഉച്ചകോടിയിലാണ് സച്ചിന്റെ നിര്‍ദ്ദേശങ്ങള്‍ വന്നത്. രഞ്ജി ട്രോഫി മല്‍സരങ്ങള്‍ രണ്ടു വ്യത്യസ്‌ത പിച്ചുകളില്‍ നടത്തണമെന്നതാണ് സച്ചിന്റെ പ്രധാനപ്പെട്ട ആവശ്യം. ഇതുകൂടാതെ, ഓസ്‌ട്രേലിയയിലും മറ്റും ഉപയോഗിക്കുന്ന കുക്കാബുറ പന്തുകളും, ഏറെ പച്ചപ്പുള്ള പിച്ചുകളും രഞ്ജിട്രോഫി പോലെയുള്ള ആഭ്യന്തരമല്‍സരങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സച്ചിന്‍ നിര്‍ദ്ദേശിക്കുന്നു. മറ്റു പന്തുകളെ അപേക്ഷിച്ച് കുക്കാബുറ പന്തുകള്‍ അതിവേഗം ബൗണ്‍സ് ചെയ്യും. ഇത് പൊതുവെ പേസ് ബൗളര്‍മാര്‍ക്ക് ഗുണം ചെയ്യുമെങ്കിലും, ബാറ്റ്‌സ്‌മാന്‍മാര്‍ക്ക്, ഈ പരിചയം വിദേശ പിച്ചുകളില്‍ ഗുണപ്പെടുമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ബൗണ്‍സ് പിച്ചുകളില്‍ കുക്കാബുറ പന്ത് ഉപയോഗിച്ച് എറിയുന്നത്, സ്‌പിന്നര്‍മാര്‍ക്കും ഗുണകരമായി മാറും. കുക്കാബുറ പന്തു ഉപയോഗിച്ച് സ്‌പിന്നും ടേണും കണ്ടെത്താനായാല്‍, വിദേശത്ത്, എതിര്‍ ബാറ്റ്‌സ്‌മാന്‍മാരെ വരുതിയിലാക്കാന്‍ സ്‌പിന്നര്‍മാര്‍ക്ക് കഴിയുമെന്നും സച്ചിന്‍ പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് സച്ചിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.