പതിനൊന്ന് പന്ത് നേരിട്ട അര്‍ജുന്‍ പൂജ്യത്തിന് പുറത്തായി

കൊളംബോ: ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിലയിരുത്തപ്പെടുന്നത്. രണ്ടര പതിറ്റാണ്ടോളം നീണ്ടുനിന്ന് ആ ക്രിക്കറ്റ് ജീവിതം അത്രമേല്‍ സുന്ദരമായിരുന്നു. ക്രിക്കറ്റ് ദൈവമെന്ന് സച്ചിനെ വിളിക്കുന്നത് ആരാധകര്‍ക്കുള്ള വിശ്വാസത്തെയാണ് കാട്ടുന്നത്. എന്നാല്‍ 16 ാം വയസ്സില്‍ ലോകക്രിക്കറ്റിലേക്ക് ചുവടുവയ്ക്കുമ്പോള്‍ അത്ര സുന്ദരമായ ഓര്‍മ്മയായിരുന്നില്ല സച്ചിനെ കാത്തിരുന്നത്.

1989 ല്‍ അരങ്ങേറ്റ ഏകദിനത്തില്‍ ബാറ്റുവീശാനിറങ്ങിയ ഇന്ത്യയുടെ യുവ അത്ഭുതത്തെ പൂജ്യത്തിനാണ് പാക്കിസ്ഥാന്‍ പറഞ്ഞയച്ചത്. പൂജ്യത്തില്‍ തുടങ്ങിയ സച്ചിന്‍ പിന്നീട് ലോകക്രിക്കറ്റിലെ നേട്ടങ്ങളോരാന്നായി വെട്ടിപ്പിടിച്ചു.

കൃത്യം 29 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സച്ചിന്‍റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനും സമാന വിധി നല്‍കിയിരിക്കുകയാണ് കാലം. ആദ്യ അന്താരാഷ്ട്ര അണ്ടര്‍ 19 മത്സരത്തിനിറങ്ങിയ അര്‍ജുനെ റണ്‍സ് എടുക്കുന്നതിന് മുമ്പെ കൂടാരത്തിലെത്തിച്ചത് ശ്രീലങ്കന്‍ ബൗളര്‍ ശശിക ദുല്‍ഷാനാണ്. പതിനൊന്ന് പന്ത് നേരിട്ട അര്‍ജുന്‍ പൂജ്യത്തിന് പുറത്താകുകയായിരുന്നു.

ശ്രീലങ്ക അണ്ടര്‍ 19 ടീമിനെതിരായ മത്സരമാണ് സച്ചിന്‍റെ മകന്‍റെ അരങ്ങേറ്റം കൊണ്ട് ശ്രദ്ധേയമായത്. ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 244 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യന്‍ യുവനിര 589 റണ്‍സാണ് അടിച്ചെടുത്തത്. അഥര്‍വ തൈഡും ആയുഷ് ബദോനിയും സെഞ്ചുറി നേടി. നേരത്തെ അര്‍ജുന്‍ ആദ്യ അന്താരാഷ്ട്രാ വിക്കറ്റ് നേടിയിരുന്നു. 11 ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്താണ് അര്‍ജുന്‍ വിക്കറ്റ് നേടിയത്.