മക്കാവു: മക്കാവു ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ വനിതാവിഭാഗത്തില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് താരം സാങ് യിമാനോടാണ് ടോപ് സീഡായ സൈന നേരിടുള്ള സെറ്റുകള്‍ക്ക് തോറ്റത്. സ്‌കോര്‍- 12-21, 17-21. വെറും 35 മിനിട്ട് മാത്രം നീണ്ടുനിന്ന മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും എതിരാളിക്ക് വെല്ലുവിളിയാകാന്‍ സൈനയ്‌ക്ക് സാധിച്ചില്ല. പത്തൊമ്പതുകാരിയായ ചൈനീസ് താരം ലോകറാങ്കിംഗില്‍ 226ാം സ്ഥാനത്താണ് എന്നത്, സൈനയുടെ തോല്‍വിക്ക് ആക്കം കൂട്ടുന്നുണ്ട്. ആദ്യ ഗെയിം നഷ്‌ടമായ ശേഷം രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ നേരിയ മുന്‍തൂക്കം ഉണ്ടെയിരുന്നെങ്കിലും അത് നിലനിര്‍ത്താന്‍ സൈനയ്‌ക്ക് സാധിച്ചില്ല. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഏറെക്കാലം വിട്ടുനിന്ന സൈനയുടെ രണ്ടാം വരവ് നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ ആഴ്‌ച ഹോങ്കോങ് ഓപ്പണിലും സൈന ക്വാര്‍ട്ടറില്‍ തോറ്റിരുന്നു.