മുംബൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ടി വി അവതാരകനുമായ രാജ്ദീപ് സര്‍ദേശായിയുടടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് ലൈവ് ചര്‍ച്ചയ്ക്കിടെ സാനിയയുടെ ഉരുളയ്ക്കുപ്പേരി മറുപടി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സാനിയയുടെ ആത്മകഥയുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡേ ടിവി നടത്തിയ ലൈവ് ചര്‍ച്ചയിലാണ് രാജ്ദീപ് സ്ത്രീവരുദ്ധ പരാമര്‍ശം നടത്തിയത്. എപ്പോഴാണ് സാനിയ ജീവത്തില്‍ സെറ്റില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും അമ്മയും കുടുംബിനിയും ആവാന്‍ ആഗ്രഹിക്കുന്നതെന്നും ചോദിച്ച രാജ്ദീപ് ഇക്കാര്യങ്ങളൊന്നും ആത്മകഥയില്‍ പറയുന്നില്ലല്ലോ എന്നും ചോദിച്ചു.
ചോദ്യം കേട്ടാല്‍ ഞാന്‍ സെറ്റിലാവാത്താതിലും അമ്മയാകാതെ ടെന്നീസില്‍ ഒന്നാം റാങ്കുകാരിയായി ഇരിക്കുന്നതിലും ഏറ്റവും കൂടുതല്‍ നിരാശ താങ്കള്‍ക്കാണെന്ന് തോന്നുമല്ലോ എന്ന് കളിയാക്കിയിരുന്നു സാനിയ മറുപടി പറഞ്ഞു തുടങ്ങിയത്. 'എന്തായാലും ഞാന്‍ താങ്കളുടെ ചോദ്യത്തിന് മറുപടി പറയാം. വനിതാ കായിക താരമെന്ന നിലയില്‍ എന്നെപ്പോലുള്ളവര്‍ എപ്പോഴും നേരിടുന്നൊരു ചോദ്യമാണിത്. വിവാഹം, കുടുംബം എന്നിവയൊക്കെ ആയി കഴിഞ്ഞാലെ ഞങ്ങളെപ്പോലുള്ളവര്‍ സെറ്റില്‍ ആവൂകയുള്ളു എന്നാണ് പൊതുവെയുള്ളധാരണ. നിര്‍ഭാഗ്യവശാല്‍ ഞാനെത്ര വിംബിള്‍ഡണ്‍ കിരീടം നേടിയെന്നോ ലോക റാങ്കിംഗില്‍ എത്രാമതാണെന്നെന്നോ ഒന്നും ആരും നോക്കാറില്ല. എന്നാല്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിലും ഉണ്ടാകും. അത് സംഭവിക്കുമ്പോള്‍ അക്കാര്യം ആദ്യം തുറന്നുപറയുന്ന ആള്‍ ഞാന്‍ തന്നെയാവും'-സാനിയ പറഞ്ഞു.
ഈ മറുപടിയോടെ രാജ്ദീപ് സാനിയയോട് അത്തരമൊരു ചോദ്യം ഉന്നയിച്ചതില്‍ മാപ്പു പറഞ്ഞു. മോശം പദങ്ങളുപയോഗിച്ചാണ് താന്‍ ഇത്തരത്തിലൊരു ചോദ്യം ഉന്നയിച്ചതെന്ന് തുറന്നുപറഞ്ഞ രാജ്ദീപ് ഒരു പുരുഷകായിക താരത്തോടായിരുന്നെങ്കില്‍ താനിത്തരമൊരു ചോദ്യം ഉന്നയിക്കുമായിരുന്നില്ലെന്നും വ്യക്തമാക്കി. ഇതോടെ ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ദേശീയ ചാനലിലൂടെ തന്നോട് ക്ഷമാപണം നടത്തുന്നതെന്നും ക്ഷമ ചോദിച്ചതില്‍ സന്തോഷമുണ്ടെന്നും സാനിയ പറഞ്ഞു. രാജ്ദീപിന്റെ ചോദ്യവും സാനിയയുടെ മറുപടിയും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. സാനിയയുടെ ആത്മകഥ 'എയ്‌സ് ടു ഓഡ്‌സ്' കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.
