ഹൈദരാബാദ്: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സാനിയ മിര്‍സ കളിക്കാനിടയില്ല. വലത് കാല്‍മുട്ടിനേറ്റ പരിക്കാണ് 31കാരിയായ സാനിയയെ പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. നടക്കാന്‍ കഴിയുന്നുണ്ടെങ്കിലും കടുത്ത വേദന മൂലം കളിക്കാന്‍ പ്രയാസപ്പെടുന്നതായി സാനിയ വ്യക്തമാക്കി. വിശ്രമമെടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും സാനിയ പറഞ്ഞു.

വിശ്രമത്തിനൊടുവില്‍ ആരോഗ്യസ്ഥിതി വിലയിരുത്തിയിട്ട് മാത്രമേ ശാസ്ത്രക്രിയയെ കുറിച്ച് ആലോചിക്കുകയുള്ളൂ. എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് തനിക്കറിയില്ല. എന്നാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നഷ്ടമാകുമെന്ന് ഉറപ്പാണെന്ന് സാനിയ പറഞ്ഞു. ഏപ്രില്‍ നാലുമുതല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കളിക്കാനാകുമെന്നാണ് പ്രതിക്ഷയെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസും സാനിയക്ക് മുന്നിലുണ്ട്. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ് സാനിയ മിര്‍സ. ഡബിള്‍സില്‍ നിലവില്‍ ലോക ഒമ്പതാം സ്ഥാനത്താണ് ഈ ഹൈദരാബാദുകാരി. 2007ല്‍ സിംഗിള്‍സില്‍ 27-ാം സ്ഥാനത്തെത്തിയ സാനിയയാണ് ഉയര്‍ന്ന റാംങ്കിംഗിലെത്തിയ ഇന്ത്യന്‍ വനിതാ താരം.