വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ നാളെ നടക്കുന്ന അവസാന ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ധോണി തിരിച്ചെത്തും. പിന്‍ തുട ഞെരമ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ധോണിക്ക് മൂന്നും നാലും ഏകദിനങ്ങള്‍ നഷ്ടമായിരുന്നു. ധോണിയുടെ പരിക്ക് പൂര്‍ണമായും മാറിയെന്നും അദ്ദേഹം വെല്ലിങ്ടണ്‍ ഏകദിനത്തില്‍ ടീമിലേക്ക് തിരിച്ചുവരുമെന്നും ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാര്‍ പറഞ്ഞു.

ധോണി തിരിച്ചെത്തുമ്പോല്‍ ആര് പുറത്താവുമെന്നുള്ള കാര്യത്തില്‍ ആശയകുഴപ്പമുണ്ട്. ധോണിയുടെ അഭാവത്തില്‍ ദിനേശ് കാര്‍ത്തികായിരുന്നു വിക്കറ്റിന് പിന്നില്‍. കേദാര്‍ ജാദവ്, അമ്പാടി റായുഡു, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് മധ്യനിരയില്‍ കളിക്കുന്ന മറ്റു താരങ്ങള്‍. എന്നാല്‍ മൂവരും ലോകകകപ്പ് പദ്ധതികളുടെ ഭാഗമാണ്. മൂവരും ടീമില്‍ തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറിയ യുവതാരം ശുഭ്മാന്‍ ഗില്ലിന് ടീമിലെ സ്ഥാനം നഷ്ടമായേക്കും.

എന്നാല്‍ ഗില്ലിന് ഒരവസരം കൂടി നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ കാര്‍ത്തിക് പുറത്തിരിക്കും. ബൗളര്‍മാരില്‍ ഷമി തിരിച്ചുവരാനും സാധ്യതയേറെയാണ്. കഴിഞ്ഞ മത്സരത്തില്‍ ഷമി കളിച്ചിരുന്നില്ല. ഭുവനേശ്വര്‍ കുമാറിന് വിശ്രമം അനുവദിച്ചേക്കും. 

ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാടി റായുഡു, എം.എസ്. ധോണി, ശുഭ്മാന്‍ ഗില്‍/ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, യൂസ്‌വേന്ദ്ര ചാഹല്‍.