ഇഷാന്‍ കിഷനെ ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തി

മുംബൈ: ഇംഗ്ലണ്ടില്‍ നടക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് പകരം ഇഷാന്‍ കിഷനെ ബിസിസിഐ ഉള്‍പ്പെടുത്തി. ജാര്‍ഖണ്ഡില്‍ നിന്നുള്ള 19കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ശ്രേയാസ് അയ്യരുടെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ ദിവസം ലണ്ടനിലേക്ക് യാത്ര തിരിച്ചിരുന്നു.

ഋഷഭ് പന്തായിരിക്കും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്നെങ്കിലും യോയോ ടെസ്റ്റ് സഞ്ജുവിന് കടക്കായില്ല എന്നാണ് റിപ്പോര്‍ട്ട്. താരങ്ങള്‍ക്ക് ദേശീയ ടീമില്‍ കളിക്കണമെങ്കില്‍ ബിസിസിഐ യോയോ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇംഗ്ലണ്ടില്‍ ഈ മാസം 17നാരംഭിക്കുന്ന പരമ്പരയില്‍ വിന്‍ഡീസ് എ ടീം, ഇംഗ്ലണ്ട് ലയണ്‍സ് ടീം എന്നിവയാണ് പങ്കെടുക്കുന്ന മറ്റ് ടീമുകള്‍.