Asianet News MalayalamAsianet News Malayalam

ഇന്ത്യക്ക് വിക്കറ്റ് കീപ്പറെ വേണം; സഞ്ജുവിനാണെങ്കില്‍ വിറച്ചിട്ട് പാടില്ല

  • ഒരു വിക്കറ്റ് കീപ്പറെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ നോക്കിക്കൊണ്ടിരിക്കുന്നത്. ടെസ്റ്റില്‍ ധോണിക്ക് പകരക്കാരനായി ഋഷഭ് പന്ത് എത്തിക്കഴിഞ്ഞു. കീപ്പിങ്ങില്‍ പോരായ്മകളുണ്ടെങ്കിലും താരം പുരഗോതി കൈവരിക്കുമെന്ന് പരക്കെ വിശ്വാസമുണ്ട്. ഇതിനോടകം ടെസ്റ്റില്‍ ഒരു സെഞ്ചുറിയും താരം സ്വന്തമാക്കി.
Sanjus poor form continues in Vijay Hazare trophy
Author
New Delhi, First Published Oct 2, 2018, 8:58 PM IST

ദില്ലി: ഒരു വിക്കറ്റ് കീപ്പറെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ നോക്കിക്കൊണ്ടിരിക്കുന്നത്. ടെസ്റ്റില്‍ ധോണിക്ക് പകരക്കാരനായി ഋഷഭ് പന്ത് എത്തിക്കഴിഞ്ഞു. കീപ്പിങ്ങില്‍ പോരായ്മകളുണ്ടെങ്കിലും താരം പുരഗോതി കൈവരിക്കുമെന്ന് പരക്കെ വിശ്വാസമുണ്ട്. ഇതിനോടകം ടെസ്റ്റില്‍ ഒരു സെഞ്ചുറിയും താരം സ്വന്തമാക്കി. ഏകദിനത്തില്‍ ഇപ്പോഴും ധോണിയാണ് വിക്കറ്റ കീപ്പര്‍. അടുത്ത ലോകകപ്പ വരെ അദ്ദേഹം തുടരുമെന്നാണ് സൂചനകള്‍. എങ്കിലും വിക്കറ്റ് കീപ്പര്‍ക്ക് അന്വേഷണം ഇന്ത്യ തുടങ്ങിയിട്ടുണ്ട്. ഋഷബ് പന്തിന് ഏകദിനത്തിലും അവസരമുണ്ടെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരേയൊന്നും തള്ളികളയാന്‍ കഴിയില്ല.

ഫോമില്‍ കളിച്ചാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം കാത്ത് കിടപ്പുണ്ട്. എന്നാല്‍, ബാറ്റിങ്ങിലൂടെ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നുള്ളതാണ് വാസ്തവം. ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫി ഇക്കാര്യം തെളിയിക്കും. കേരളത്തിനായി എല്ലാ മത്സരങ്ങളും കളിച്ച സഞ്ജുവിന് അഞ്ച് ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ സാധിച്ചിട്ടില്ല. വിജയ് ഹസാരെയില്‍ സഞ്ജുവിന്റെ പ്രകടനം നോക്കാം.

16 പന്തില്‍ ആറ് റണ്‍സ് മാത്രം നേടി ആന്ധ്രാ പ്രദേശിനെതിരേ തുടക്കം. രണ്ടാം മത്സരം ഒഡീഷക്കെതിരേ. 56 പന്ത് നേരിട്ട താരത്തിന് 25 റണ്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മൂന്നാം മത്സരം ഛത്തീസ്ഗഢിനെതിരേ ഒരു റണ്‍ മാത്രം. നാലാം മത്സരത്തില്‍ ഡല്‍ഹിക്കെതിരേയാണ് സീസണിലെ ടോപ് സ്‌കോര്‍ കുറിച്ചത്. 57 പന്തില്‍ നിന്ന് 47 റണ്‍. ഇന്ന് ഹൈദരാബാദിനെതിരേയും താരം പരാജയപ്പെട്ടു. 19 പന്ത് നേരിട്ടിട്ട് വെറും ആറ് റണ്‍സ് മാത്രമാണെടുത്തത്. സീസണില്‍ അഞ്ച് ഇന്നിങ്‌സില്‍ 17 റണ്‍ ശരാശരിയില്‍ വെറും 85 റണ്‍ മാത്രം. സ്‌ട്രൈക്കറ്റ് റേറ്റ് 56. 

ഈ പ്രകടനമാണ് സീസണില്‍ മുഴുവന്‍ താരം പുറത്തെടുക്കുന്നതെങ്കില്‍ താരത്തിന് ഇന്ത്യന്‍ ടീം സ്വപ്‌നം കാണേണ്ടിവരില്ല. രഞ്ജി ട്രോഫിക്ക് അധികം വൈകാതെ തുടക്കമാവും. പിന്നാലെ ഐപിഎല്‍. താരം ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios