ബെംഗളുരു: എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടിലേക്ക് പന്തടിച്ച് കേരളം. സൗത്ത് സോണ്‍ ബി ഗ്രൂപ്പില്‍ അവസാന യോഗ്യതാ മത്സരത്തില്‍ തമിഴ്‌നാടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലെത്തിയത്. ഒരേ പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ തമിഴ്നാടിനെ മറികടന്ന് കേരളം കലാശ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയായിരുന്നു. 

ആദ്യ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെതിരെ നേടിയ 7-0 ന്റെ കൂറ്റന്‍ ജയമാണ് തമിഴ്‌നാടിനെ മറികടക്കാന്‍ കേരളത്തിന് സഹായകമായത്. അതേസമയം സമനിലയോടെ തമിഴ്നാട് ഫൈനല്‍ റൗണ്ടിലെത്താതെ പുറത്തായി. മികച്ച ആക്രമണം കാഴ്ച്ചവെച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകളാണ് കേരളത്തെ സമനിലയില്‍ കുരുക്കിയത്. എന്നാല്‍ ഫൈനല്‍ റൗണ്ടിലെത്തുകയെന്ന കേരളത്തിന്‍റെ സ്വപ്‌നം ഇതോടെ പൂവണിഞ്ഞു