ദില്ലി: ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകൾ നടപ്പാക്കുന്നില്ലെങ്കിൽ ബി.സി.സി.ഐ ഭരണസമിതിക്ക് പകരം പ്രത്യേക സമിതി രൂപീകരിക്കുന്നതിന്‍റെ സാധ്യത പരിഗണിക്കുമെന്ന് സുപ്രീംകോടതി. ബി.സി.സി.ഐ ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ലോധ സമിതിയുടെ അപേക്ഷയിൽ സുപ്രീംകോടതി നാളെ ഉത്തരവിറക്കും. ബി.സി.സി.ഐയുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതവേണമെന്ന് കോടതി വ്യക്തമാക്കി.
ബി.സി.സി.ഐയുടെ പരിഷ്കരണത്തിനായി മുൻ ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ സമിതി മുന്നോട്ടുവെച്ച ശുപാര്‍ശകൾ അതേപോലെ നടപ്പാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കാൻ ബി.സി.സി.ഐ തയ്യാറാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ലോധ സമിതി സുപ്രീംകോടതിയെ സമീപിച്ചത്. ശുപാര്‍ശകൾ നടപ്പാക്കാൻ കഴിയില്ലെങ്കിൽ ബി.സി.സി.ഐ ഭരണസമിതി പിരിച്ചുവിടണം എന്നതാണ് ലോധ സമിതിയുടെ ആവശ്യം.
ശുപാര്‍കൾ പൂര്‍ണമായും നടപ്പാക്കാനാകില്ലെന്ന് നിലപാട് തന്നെയാണ് ബി.സി.സി.ഐ കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിൽ ബി.സി.സി.ഐ ഭരണസമിതിക്ക് പകരം പ്രത്യേക സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബി.സി.സി.ഐ ഭരണസമിതി അംഗങ്ങളുടെ യോഗ്യത എന്തെന്നും ഭരണസമിതിയിലെ അഞ്ചുപേരിൽ ആരൊക്കെ ക്രിക്കറ്റ് വിദഗ്ധരായുണ്ടെന്നും കോടതി ചോദിച്ചു. ബി.സി.സി.ഐയുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വേണമെന്നും ചൂണ്ടിക്കാട്ടിയ കോടതി കേസിൽ നാളെ ഉത്തരവിറക്കുമെന്നും അറിയിച്ചു.
