കോട്ടയം: 3000 മീറ്ററില്‍ റവന്യൂ ജില്ലാ മേളയിലെ വെങ്കലം സംസ്ഥാന മേളയില്‍ സ്വര്‍ണമാക്കി മാറ്റിയിരിക്കുകയാണ് കല്ലടി സ്കൂളിന്റെ ചാന്ദ്നി സി. മഴയില്‍ ചെളി നിറഞ്ഞ ട്രക്കാണ് ജില്ലാ മേളയില്‍ ചാന്ദ്‌നിക്ക് തിരിച്ചടിയായത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കല്ലടി സ്കൂളിന്റെ ചാന്ദ്നി സിയുടെ സ്വര്‍ണ നേട്ടത്തിന് തിരിച്ചുവരവിന്റെ തിളക്കമുണ്ട്.
കഴിഞ്ഞ സംസ്ഥാന മീറ്റില്‍ 3000 മീറ്ററിലടക്കം 3 സ്വര്‍ണം നേടിയ ചാന്ദ്നി, ഇത്തവണ പാലക്കാട് റവന്യൂ ജില്ലാ മേളയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.പാലായില്‍ ചാന്ദ്നി ഒന്നാമതെത്തിയപ്പോള്‍, ജില്ലാ തലത്തില്‍ ഒന്നാമതെത്തിയ ആതിര യു മൂന്നാം സ്ഥാനത്തായി. കനത്ത മഴയില്‍ ട്രാക്ക് ചെളിക്കുNമായതാണ് ജില്ലാ മേളയില്‍ തിരിച്ചടിയായതെന്നു ചാന്ദ്നി പറയുന്നു. ഷൂ പോലും ഇടാതെ ഓടേണ്ടി വന്നു.
സബ് ജില്ല, റവന്യൂ ജില്ലാ മേളകള്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടത്തിയതും അന്ന് കുട്ടികളുടെ പ്രകടനത്തെ ബാധിച്ചെന്ന് ചാന്ദ്‌നിയുടെ കോച്ച് കെ രാമചന്ദ്രന്‍ പറഞ്ഞു. പാലായില്‍ മികച്ച ട്രാക്ക് ആയത് കൊണ്ടുതന്നെ ,ഇനി ബാക്കിയുള്ള 1500, 800 മീറ്ററിലും സ്വര്‍ണം നേടി ട്രിപ്പിള്‍ തികയ്‌ക്കാമെന്ന പ്രതീക്ഷയിലാണ് ചാന്ദ്നി.
