കാത്ത് കാത്തിരുന്ന് ജന്മം നല്‍കിയ കുഞ്ഞിന്റെ ശബ്ദം പോലും അസ്വസ്ഥത സൃഷ്ടിച്ചു, നിഷ്‌ക്കളങ്കയായ കുഞ്ഞിന്റെ കരച്ചിലുകള്‍ പോലും ദേഷ്യം പിടിപ്പിച്ച നിമിഷങ്ങളായിരുന്നു കടന്ന് പോയത്. ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ആണ് പ്രസവത്തെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ കുറിച്ച് പ്രതികരിക്കുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സിസേറിയനിലൂടെ 36 വയസ്സുകാരിയായ സെറീന, അലെക്‌സിസ് ഒളിമ്പിയായ്ക്ക് ജന്മം നൽകിയത്.

സിസേറിയനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് താരത്തെ വലച്ചത്. ശ്വാസകോശത്തിലും അടിവയറ്റിലും രക്തം കട്ട പിടിക്കുന്നതായിരുന്നു പ്രസവത്തെ തുടര്‍ന്ന് സെറീന വില്യംസ് നേരിട്ട വെല്ലുവിളി. ഇതിനെ തുടര്‍ന്നാണ് സിസേറിയന് പിന്നാലെ ഒന്നിലധികം സര്‍ജറികള്‍ താരത്തിന് നടത്തേണ്ടി വന്നത്. അമ്മയായ നിമിഷം ഏറെ സന്തോഷം തോന്നി പക്ഷേ ആ സന്തോഷത്തിന് അല്‍പായുസ് മാത്രമാണ് ഉണ്ടായതെന്ന് സെറീന തുറന്ന് പറയുന്നു. 

മനോനില പോലും കൈവിട്ട നിമിഷങ്ങളില്‍ കുടുംബം നല്‍കിയ പിന്തുണയാണ് സാധാരണ ജീവിതത്തിലേയ്ക്ക് തിരികെയെത്തിച്ചതെന്ന് സെറീന വില്യംസ് വ്യക്തമാക്കി. സുന്ദരിയായ ഒരു കുട്ടിയെ ലഭിച്ചിട്ടും എന്തുകൊണ്ടാണ് സങ്കടപ്പെടുന്നതെന്ന് തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് താരം പറയുന്നു. അമ്മ നൽകിയ പിന്തുണയില്‍ ബൈബിള്‍ വായിച്ച് പ്രത്യാശ നിറയ്ക്കുകയായിരുന്നെന്ന് സെറീന പറയുന്നു. 

തന്റെ ശരീരത്തില്‍ അനുഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സെറീന തന്നെയാണ് ആദ്യം ബോധവതിയായത്. സിടി സ്‌കാന്‍ നടത്താനും രക്തചംക്രമണം കൃത്യമായ രീതിയിലാണോ നടക്കുന്നതെന്ന് പരിശോധിക്കാനും ഡോക്ടേഴ്‌സിനോട് സെറീന തന്നെയാണ് ആവശ്യപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണ് നല്കിയ അഭിമുഖത്തിലാണ് സെറീന പ്രസവാനന്തരം താന്‍ അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ച് വിവരിച്ചത്.