കല്ലിസ്, അഫ്രിദി എന്നിവര്‍ക്കൊപ്പമെത്തി ഷാക്കിബ് അല്‍ ഹസന്‍

ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ബംഗ്ലദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍. മികവ് തുടരുന്നതിനിടെ ഷാക്കിബിനെ തേടി അപൂര്‍വ്വ നേട്ടമെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സും 500 വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമായി ഷക്കിബ് മാറി. അഫ്‌ഗാനെതിരായ അവസാന ടി20യിലായിരുന്നു ഷാക്കിബിന്‍റെ ചരിത്ര നേട്ടം. 

ഷാക്കിബിന്‍റെ കരിയറിലെ 302-ാം മത്സരമായിരുന്നു ഇത്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കല്ലിസും പാക്കിസ്ഥാന്‍ താരം ഷാഹീദ് അഫ്രിദിയുമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചുള്ളത്. എന്നാല്‍ ഇരുവരേക്കാള്‍ വേഗത്തില്‍ റെക്കോര്‍ഡിലെത്താന്‍ 31കാരനായ ഷാക്കിബിനായി. അഫ്രിദിയും കല്ലിസും 500ലേറെ മത്സരങ്ങളില്‍ നിന്നാണ് 10000 റണ്‍സും 500 വിക്കറ്റും സ്വന്തമാക്കിയത്.

ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 302 മത്സരങ്ങളില്‍ 10,102 റണ്‍സും 500 വിക്കറ്റും ബംഗ്ലാ താരത്തിനായി. ദക്ഷിണാഫ്രിക്കയ്ക്കായി വലംകൈയന്‍ മീഡിയം പേസറായ കല്ലിസ് 25,534 റണ്‍സും 577 വിക്കറ്റുമാണ് നേടിയത്. ഇടംകൈയന്‍ സ്‌പിന്നറായ അഫ്രിദിയാവട്ടെ 11,196 റണ്‍സും 541 വിക്കറ്റും പേരിലാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റ് തികയ്ക്കുന്ന 32-ാം താരം കൂടിയാണ് ഷാക്കിബ്.